തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ ഫെഡറൽ സംവിധാനം തകർക്കാനുള്ള സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതിയെ പോലെ ഹിന്ദിയും അടിച്ചേൽപ്പിക്കാൻ സംഘപരിവാർ ശ്രമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രം സംസ്ഥാനങ്ങൾക്കുള്ള അധികാരം കവർന്നെടുക്കുകയാണ്. സംസ്ഥാനങ്ങൾ കൈയാളുന്ന വിഷയങ്ങളിൽ കൂടിയാലോചനയില്ലാതെ നിയമം കൊണ്ടുവരുന്നു. ഫെഡറൽ തത്ത്വത്തിന്റെ ലംഘനമാണ് രാജ്യത്ത് നടക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് നോക്കുന്നത്. വിദ്യാഭ്യാസമേഖലയിൽ കൃത്യമായ ധാരണയോടെയാണ് കേന്ദ്ര ഇടപെടൽ. വരുംതലമുറയെ ലക്ഷ്യമിട്ട്, കുട്ടികളുടെ മനസിലേക്ക് വർഗീയ വിഷമെത്തിക്കാൻ വിദ്യാഭ്യാസരംഗം ഉപയോഗിക്കുകയാണ്. പാഠപുസ്തകവും കരിക്കുലവും സിലബസുമെല്ലാം ഇതനുസരിച്ച് മാറ്റുന്നു. പല സംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസമേഖലയിൽ ഗവർണർമാർ ഇടപെടുന്നു. വിദ്യാഭ്യാസരംഗത്തെ കാവിവത്കരിച്ച ഇളംതലമുറയിൽ വർഗീയത അടിച്ചേൽപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മതനിരപേക്ഷ ഭരണഘടന അംഗീകരിച്ച രാജ്യത്താണ് മതാടിസ്ഥാനത്തിലുള്ള പൗരത്വനിയമഭേദഗതി കൊണ്ടുവന്നത്. പൗരത്വ നിയമഭേദഗതി രാജ്യത്തെ ഒരു വിഭാഗം ആളുകളിൽ വലിയ ആശങ്കയുണ്ടായി. പൗരനായി ജീവിക്കാൻ കഴിയുമോയെന്ന ആശങ്ക വന്നപ്പോൾ പൗരത്വ നിയമഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന് ഇവിടെ നിലപാടെടുത്തു. പൊതുവിൽ ആശ്വാസമായത് സ്വീകരിച്ചു. രാജ്യം ആ നിലപാട് ശ്രദ്ധിച്ചു. പല സംസ്ഥാനങ്ങളും ഈ നിലപാട് ആവർത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന്റെ ഇടപെടൽ: കുവൈത്തിൽ കുടുങ്ങിയ മലയാളികൾ തിരിച്ചെത്തി
Post Your Comments