Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Life Style

എന്ത് ചെയ്തിട്ടും ക്ഷീണം വിട്ടുമാറുന്നില്ലേ? എങ്കില്‍ ഈ കാരണമായിരിക്കാം

നിത്യജീവിതത്തില്‍ നാം നേരിടുന്ന നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഇവയില്‍ പലതും നാം നിസാരമായി തള്ളിക്കളയാറ് തന്നെയാണ് പതിവ്. എന്നാല്‍ ചിലതെങ്കിലും നമ്മെ സാരമായ രീതിയില്‍ തന്നെ ബാധിക്കാം. അതായത് നമ്മുടെ ദൈനംദിന ജീവിതത്തിലെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയാത്ത അവസ്ഥ ഇതുമൂലം വരാം.

ഇത്തരത്തില്‍ ധാരാളം പേര്‍ പതിവായി നേരിടുന്നൊരു പ്രശ്‌നമാണ് ക്ഷീണം. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം പതിവാകാം. ഇത് ഡോക്ടറുടെ സഹായത്തോടെ കണ്ടെത്തിയേ മതിയാകൂ. ശേഷം ആവശ്യമായ ചികിത്സയെടുക്കുകയും ചെയ്യാം.

എന്നാല്‍ കണ്ടെത്താന്‍ പ്രയാസമുള്ളൊരു കാരണം പതിവായ ക്ഷീണത്തിന് പിന്നിലുണ്ടാകാം. ഇതെക്കുറിച്ച് വ്യക്തമാക്കുകയാണ് സെലിബ്രിറ്റി ലൈഫ്‌സ്‌റ്റൈല്‍ കോച്ചായ ലൂക്ക് കുടീഞ്ഞ്യോ.

എപ്പോഴും ക്ഷീണം. കാര്യങ്ങളൊന്നും ചെയ്യാന്‍ വയ്യാത്ത അവസ്ഥ വരുമ്പോള്‍ നമ്മള്‍ വിശ്രമത്തിലേക്ക് നീങ്ങും. ചില സമയങ്ങളില്‍ ഇത് എന്തുകൊണ്ടാണെന്ന് വ്യക്തമാകാത്തതിനാല്‍ പെയിന്‍കില്ലേഴ്‌സും നമ്മള്‍ ആശ്രയിച്ചേക്കാം. എന്നാല്‍ വിശ്രമിച്ചതിനും പരിശോധനയില്‍ വൈറ്റമിന്‍ കുറവോ മറ്റ് പ്രശ്‌നങ്ങളോ ഇല്ലെന്ന് സ്ഥിരീകരിച്ചതിനും ശേഷവും ക്ഷീണം തുടരുന്ന അവസ്ഥ തന്നെ. നല്ല ഭക്ഷണം കഴിച്ചിട്ടോ നല്ല ഉറക്കം ഉറപ്പാക്കിയിട്ടോ നന്നായി വെള്ളം കുടിച്ചിട്ടോ ഒന്നും ഭേദമാകാത്ത തളര്‍ച്ച.

ഇതിനൊപ്പം തന്നെ കഴുത്തിലെ ലിംഫ് നോഡുകളില്‍ വീക്കം ഉണ്ടായിട്ടുണ്ടോ എന്നുകൂടി പരിശോധിക്കണം. ഈ വീക്കം ഇടയ്ക്ക് വന്ന് പോകുന്ന രീതിയിലുമാകാം. അതുപോലെ ചര്‍മ്മത്തില്‍ നിറവ്യത്യാസമോ പാടുകളോ വീണതായും നോക്കണം.

ഇത്രയും ലക്ഷണങ്ങളുണ്ടെങ്കില്‍ ക്ഷീണത്തിന് കാരണം എപ്സ്റ്റിന്‍-ബാര്‍ വൈറസ് (ഇബിവി) എന്ന വൈറസായിരിക്കാമെന്നാണ് ലൂക്ക് ചൂണ്ടിക്കാട്ടുന്നത്. ഇത് മനുഷ്യശരീരത്തില്‍ പലപ്പോഴും നിശബ്ദമായി കാണുന്നതാണെന്നും പലരും സ്വയം തിരിച്ചറിയണമെന്നില്ലെന്നും ഇദ്ദേഹം പറയുന്നു. പ്രതിരോധശേഷി കുറയുന്ന സാഹചര്യത്തില്‍ വൈറസ് സജീവമാകുന്നു. ഇതോടെയാണ് പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകുന്നത്.

ചില സമയങ്ങളില്‍ ഇത് കരളിനെയോ സ്പ്ലീനിനെയോ ബാധിക്കാറുണ്ട്. സ്‌കാനിംഗിലൂടെയാണ് അധികകേസുകളിലും ഇത് വ്യക്തമാകാറ്.

ഇബിവി വൈറസിനെ പ്രതിരോധിക്കാന്‍ പ്രത്യേകിച്ച് മരുന്നുകളില്ല. ചികിത്സയും ഇല്ല. ജീവിതരീതികളിലൂടെ, പ്രധാനമായും ഭക്ഷണത്തിലൂടെ ഇതിനെ ഒരളവ് വരെ പ്രതിരോധിക്കാം. അതുപോലെ രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തിക്കൊണ്ടും ഇതിനെതിരെ പോരാടാം. വൈറസായതിനാല്‍ തന്നെ ആന്റി-വൈറല്‍ ഭക്ഷണങ്ങളാണ് കഴിക്കേണ്ടത്.

വെളുത്തുള്ളി നല്ലൊരു ആന്റി-വൈറല്‍ ഭക്ഷണമാണ്. വെളുത്തുള്ളി ചെറുതായി അരിഞ്ഞ് രണ്ടോ മൂന്നോ മിനുറ്റ് വച്ച ശേഷം ഇത് വെള്ളവും കൂട്ടി വിഴുങ്ങുന്നത് നല്ലതാണത്രേ. ഇഞ്ചി, കുരുമുളക്, മഞ്ഞള്‍, ഉണക്കിയ റോസ്‌മേരി എന്നിവയെല്ലാം ആന്റി-വൈറല്‍ ഭക്ഷണങ്ങള്‍ക്കുള്ള ഉദാഹരണമാണ്. ചൂട് സൂപ്പുകള്‍, ബ്രോത്ത് എന്നിവയെല്ലാം കഴിക്കുന്നത് ഏറെ നല്ലതാണ്.

ഇബിവി വൈറസ് ബാധയുള്ളവര്‍ കഠിനമായ വര്‍ക്കൗട്ടുകളൊന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇബിവി വൈറസ് സാന്നിധ്യം പരിശോധനയിലൂടെ തിരിച്ചറിയാന്‍ സാധിക്കും.ഇതുറപ്പിച്ചാല്‍ ഭക്ഷണം, വിശ്രമം എന്നിവയില്‍ ശ്രദ്ധിക്കുക. യോഗയോ ലഘുവായ വ്യായാമങ്ങളോ ചെയ്യാം. മാനസിക സമ്മര്‍ദ്ദങ്ങളില്‍ നിന്നും പരമാവധി അകന്നുനില്‍ക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button