തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന വഴിയുള്ള സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യസുരക്ഷ നിയമപ്രകാരമുള്ള സബ്സിഡി നിരക്കിലുള്ള റേഷനും ഒരുമിച്ച് തുടരണമെന്ന് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി. 2013-ലെ ഭക്ഷ്യസുരക്ഷ നിയമപ്രകാരം ഇന്ത്യയിലെ 2/3 ഭാഗത്തോളം ജനങ്ങൾക്ക് ‘സൗജന്യ’ റേഷൻ എന്ന പ്രഖ്യാപനം വഴി രാജ്യത്തെ വേട്ടയാടുന്ന പട്ടിണിയുടെ ഭൂതത്തെ മറികടക്കാൻ മറ്റുവഴികൾ ഇല്ലെന്ന് കേന്ദ്രസർക്കാർ തുറന്നു സമ്മതിക്കുകയാണ്. പിന്നെന്തിനാണ് ഇന്ത്യയുടെ സ്ഥിതിയെ ‘വളരെ ഗുരുതരം’ എന്ന് വിശേഷിപ്പിക്കുന്ന ആഗോള പട്ടിണി സൂചികയെ കേന്ദ്രസർക്കാർ ശക്തമായി നിഷേധിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.
നിലവിൽ 81.35 കോടി ഇന്ത്യക്കാർക്ക് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന വഴി 5 കിലോ സൗജന്യ ഭക്ഷ്യധാന്യങ്ങളും ഭക്ഷ്യ സുരക്ഷ നിയമപ്രകാരം 3 രൂപയ്ക്ക് 5 കിലോ അരിയും 2 രൂപയ്ക്ക് ഗോതമ്പും ലഭിക്കുന്നുണ്ട്. തൊഴിലില്ലായ്മയും പണപ്പെരുപ്പവും കാരണം ജനങ്ങളുടെ പോഷകാഹാര ആവശ്യങ്ങൾ വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ സമയത്ത് 2023 ജനുവരി 1 മുതൽ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന കേന്ദ്രസർക്കാർ നിർത്തലാക്കുകയാണ്. ഇന്ത്യയുടെ 2/3 ഭാഗത്തിന് ഈ രണ്ട് പദ്ധതികളും ഒരുമിച്ച് തുടരേണ്ടതുണ്ടെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഭക്ഷ്യ സുരക്ഷാ നിയമപ്രകാരമുള്ള സബ്സിഡി നിരക്കിന് പകരം ഓപ്പൺ മാർക്കറ്റിൽ നിന്ന് 5 കിലോ അധികമായി വാങ്ങാൻ ജനങ്ങൾ നിർബന്ധിതരാകുകയാണ്. ഇത് അവരുടെ പോഷക ആവശ്യകതയെ ഗുരുതരമായി ബാധിക്കും. അരിക്ക് കിലോവിന് 40 രൂപയ്ക്ക് മേലെയും ആട്ടയ്ക്ക് കിലോവിന് 30 രൂപയ്ക്ക് മേലെയും വില വരും. വൻകിട മുതലാളിമാർക്ക് വേണ്ടി 10 ലക്ഷം കോടി രൂപയുടെ വായ്പകൾ മോദി സർക്കാർ എഴുതിത്തള്ളിയിട്ടുണ്ട്. ഇവർക്ക് വേണ്ടി ധാരാളം നികുതി ഇളവുകളും ഉണ്ട്. അപ്പോൾ എന്തുകൊണ്ട് പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും ഭക്ഷ്യ സുരക്ഷ നിയമപ്രകാരമുള്ള റേഷനും രണ്ടും നിലനിർത്തിക്കൂടായെന്നും യച്ചൂരി ചോദിച്ചു.
Read Also: ഉപഭോക്തൃ വിവരങ്ങൾ ചോർന്നു, പുതിയ വെളിപ്പെടുത്തലുമായി ലാസ്റ്റ്പാസ്
Post Your Comments