ജിദ്ദ: സൗദി അറേബ്യയിൽ പൊടുന്നനെ ഉണ്ടായ കനത്ത മഴയിൽ നൂറിലേറെ വാഹനങ്ങൾ ഒലിച്ചു പോയി. മാലിന്യത്തൊട്ടികളും കടകളിൽ ശേഖരിച്ച് സൂക്ഷിച്ചിരുന്ന സാധനങ്ങളും മൃഗങ്ങളുമെല്ലാം ഒലിച്ചു പോയെന്നാണ് വിവരം. അതേസമയം, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. മക്ക ഹറം പള്ളി ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ട് നീക്കിയെങ്കിലും ചില പ്രദേശങ്ങൾ ഇപ്പോഴും ഗതാഗത യോഗ്യമായിട്ടില്ലെന്നാണ് വിവരം.
ജിദ്ദ, മക്ക പ്രദേശങ്ങളിൽ മഴയ്ക്ക് നേരിയ ശമനം ഉണ്ടായിട്ടുണ്ട്. എന്നാൽ, ജിസാൻ, അസീർ, തബൂക് മേഖലകളിൽ കഴിഞ്ഞ ദിവസവും ശക്തമായ മഴ അനുഭവപ്പെട്ടിരുന്നു. മക്ക, മദീന, ബാഹ, ജിസാൻ, അസീർ, ജൗഫ്, തബൂക്, ഹായിൽ, ഖാസിം മേഖലകളിൽ വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നത്.
സൗദിയിൽ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയും പ്രവചിക്കപ്പെട്ടിട്ടുണ്ട്. റിയാദ്, വടക്കു, കിഴക്ക്, മധ്യ മേഖലകളിൽ താപനില കുറയാനാണ് സാധ്യതയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Post Your Comments