ബീജിംഗ്: കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ രാജ്യത്തെ പ്രതിദിന കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി വെച്ച് ചൈന. കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി വെച്ച്, പകരം റഫറന്‍സിനായി കൊവിഡ് അനുബന്ധ പഠനങ്ങള്‍ പുറത്തു വിടുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.
ചൈനയില്‍ കഴിഞ്ഞയാഴ്ച ഒരു ദിവസം മൂന്ന് കോടി എഴുപത് ലക്ഷം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിരുന്നു. ലോകത്ത് ആദ്യമായാണ് ഒരു രാജ്യത്ത് ഒരു ദിവസം കൊണ്ട് ഇത്രയധികം പേര് കൊറോണ ബാധിതരാകുന്നത്. ഇപ്പോഴും രാജ്യത്ത് സമാനമായ രീതിയില്‍ രോഗവ്യാപനമുണ്ടെന്നാണ് അനൗദ്യോഗിക കണക്കുകള്‍ പുറത്തു വരുന്നത്. എന്നാല്‍, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 4,128 പേര്‍ക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് സര്‍ക്കാര്‍ പറയുന്നത്. കണക്കുകളിലെ ഈ വൈരുദ്ധ്യം മറയ്ക്കാനാണ്, പ്രതിദിന ഔദ്യോഗിക കണക്കുകള്‍ പുറത്തു വിടുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചത് എന്നാണ് വിവരം.
ഡിസംബര്‍ മാസം 20 വരെയുള്ള കണക്കുകള്‍ പ്രകാരം ചൈനീസ് ജനസംഖ്യയുടെ 18 ശതമാനം പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ ദശലക്ഷക്കണക്കിന് പേര്‍ക്ക് രോഗബാധ സ്ഥിരീകരിക്കാന്‍ സാദ്ധ്യതയുണ്ട് എന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു.
Post Your Comments