പാലക്കാട്: സിക്കിമിലെ വാഹനാപകടത്തിൽ മരിച്ച മലയാളി സൈനികൻ വൈശാഖിന്റെ മൃതദേഹം നാളെ സംസ്‌ക്കരിക്കും. വൈശാഖിന്റെ മൃതദേഹം ജന്മനാട്ടിൽ എത്തിച്ചു. രാത്രി ഒൻപതരയോടെ ആണ് വൈശാഖിന്റെ മൃതദേഹം ചെങ്ങണിയൂർ കാവിലെ വീട്ടിൽ എത്തിച്ചത്. സൈനിക ബഹുമതികളോടെ തിരുവില്വാമല ഐവർ മഠത്തിലാണ് വൈശാഖിന്റെ മൃതദേഹം സംസ്‌ക്കരിക്കുക.
Read Also: ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ഉതകുന്ന പ്രവർത്തനത്തിന് തയ്യാർ: ചൈനീസ് വിദേശകാര്യമന്ത്രി
വാളയാർ അതിർത്തിയിൽ വെച്ച് മന്ത്രി എംബി രാജേഷ്, എംഎൽഎ ഷാഫി പറമ്പിൽ, പാലക്കാട് എസ്പി ആർ വിശ്വനാഥ് എന്നിവർ ചേർന്നാണ് പാലക്കാട്ടേക്ക് എത്തിച്ച വൈശാഖിന്റെ മൃതദേഹം ഏറ്റുവാങ്ങിയത്. ബംഗാളിൽ 221 ആർട്ടിലറി രജിമെന്റിൽ നായിക്കായിരുന്നു വൈശാഖ്. എട്ട് വർഷം മുമ്പാണ് വൈശാഖ് സേനയിൽ ചേർന്നത്.
സിക്കിമിലെ വാഹനാപകടത്തിൽ 16 സൈനികരാണ് കൊല്ലപ്പെട്ടത്. വടക്കൻ സിക്കിമിന് സമീപം കുത്തനെയുള്ള ചരിവിലൂടെ വാഹനം തെന്നിമാറിയുണ്ടായ അപകടത്തിലാണ് സൈനികർ കൊല്ലപ്പെട്ടത്. സംഭവത്തിൽ നാല് പേർക്ക് പരിക്കേറ്റു. രാവിലെ ചതനിൽ നിന്ന് തങ്ങുവിലേക്കുള്ള യാത്രയിലായിരുന്നു അപകടത്തിൽപ്പെട്ട വാഹനം ഉൾപ്പെടുന്ന വാഹനവ്യൂഹം. സേമയിലേക്ക് കടക്കവേ വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
അപകടം നടന്ന ഉടൻ തന്നെ രക്ഷാദൗത്യം ആരംഭിച്ചു, പരിക്കേറ്റ നാല് സൈനികരെ ആകാശമാർഗം ആശുപത്രിയിലേക്ക് മാറ്റി. നിർഭാഗ്യവശാൽ, മൂന്ന് ജൂനിയർ കമ്മീഷൻഡ് ഓഫീസർമാരും, 13 സൈനികരും അപകടത്തിൽ പരിക്കേറ്റ് മരണത്തിന് കീഴടങ്ങിയെന്ന് ഇന്ത്യൻ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.
Post Your Comments