
തിർവനന്തപുരം: സിപിഎം നെയ്യാർഡാം എൽസി സെക്രട്ടറി സുനിലിനെ ആക്രമിച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടാം പ്രതി പിടിയില്‍. വിളപ്പിൽശാല പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. ആർഎസ്എസ് പ്രവർത്തകനായ പൂവച്ചൽ പുന്നാ കരിക്കകം തിരുവാതിരയിൽ അരവിന്ദ് (23) ആണ് പിടിയിലായത്. ഇതോടെ സംഭവത്തിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി. കള്ളിക്കാട് സ്വദേശി ആദിത്യൻ ആണ് ആദ്യം അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികൾ സ്റ്റേഷനിൽ നേരത്തെ കീഴടങ്ങിയിരുന്നു. കാളിപ്പാറ മുകുന്ദറ മൈലക്കര നെല്ലിക്കാട് പുത്തൻവീട്ടിൽ ദീപു (30), മൈലക്കര മഞ്ചാടിമൂട് കരുണാലയത്തിൽ വിഷ്ണു (28) എന്നിവരാണ് കീഴടങ്ങിയത്.
കേസിൽ ഉൾപ്പെട്ട കള്ളിക്കാട് സ്വദേശി സജി കോടതിയിൽ നിന്ന് ജാമ്യം നേടിയിരുന്നു. കഴിഞ്ഞ ഒക്ടോബർ 19-നാണ് വിളപ്പിൽശാല സ്റ്റേഷൻ പരിധിയിൽ കുന്നുംപുറം ഭാഗത്ത് വച്ച് സുനിൽ ആക്രമിക്കപ്പെട്ടത്.
എത്ര പ്രതികളാണ് സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ളത് എന്ന് അന്വേഷണം പുരോഗമിക്കുന്ന മുറയ്ക്ക് മാത്രമേ കൃത്യമായി അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറയുന്നു. അറസ്റ്റിലായ അരവിന്ദിനെ കാട്ടാക്കട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
Post Your Comments