തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയത്തിനു കീഴിൽ കോട്ടയം ജില്ലയിലെ കുറുവിലങ്ങാട് സ്ഥാപിക്കുന്ന ദക്ഷിണേന്ത്യയിലെ ആദ്യത്തെ സയൻസ് സിറ്റിയുടെ ഒന്നാംഘട്ട നിർമ്മാണപ്രവർത്തനങ്ങൾ എത്രയും വേഗം പൂർത്തീകരിച്ച് മധ്യവേനലവധിക്ക് മുൻപായി പൊതുജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ ആർ ബിന്ദു. സയൻസ് സിറ്റി സന്ദർശിച്ച് നിർമ്മാണ പ്രവൃത്തികൾ വിലയിരുത്തുകയായിരുന്നു മന്ത്രി.
പണികൾ വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും നിർമ്മാണം പൂർത്തീകരിച്ച സയൻസ് സെന്ററും ഇന്നൊവേഷൻ ഹബ്ബും വിദ്യാർത്ഥികൾക്കായി സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മുപ്പത് ഏക്കർ ഭൂമിയിലാണ് കുറുവിലങ്ങാട് കോഴയിൽ സയൻസ് സിറ്റി നിർമ്മിക്കുന്നത്. ശാസ്ത്ര ഗ്യാലറികളും ശാസ്ത്ര പാർക്കും ഉൾക്കൊള്ളുന്ന സയൻസ് സെന്റർ, ജ്യോതി ശാസ്ത്ര മേഖലയിലേക്ക് വെളിച്ചം വീശുന്ന പ്ലാനറ്റേറിയം, വാനനിരീക്ഷണ സംവിധാനം, മോഷൻ സിമുലേറ്ററുകൾ, സംഗീത ജലധാര ലേസർ പ്രദർശനം മുതലായവയാണ് ആദ്യ ഘട്ടത്തിൽ നിർമ്മിക്കുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
നിലവിൽ നിർമ്മാണം പൂർത്തീകരിച്ച ഗ്യാലറികളും ശാസ്ത്ര ഉപകരണങ്ങളും മന്ത്രി സന്ദർശിച്ചു. എം പി മാരായ ജോസ് കെ മാണി, തോമസ് ചാഴികാടൻ, കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു. കൂടാതെ കേരള ശാസ്ത്ര സാങ്കേതിക മ്യൂസിയം ഡയറക്ടർ സോജു എസ് എസ്, ജില്ലാ പഞ്ചായത്ത് – ബ്ലോക്ക് പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവരും സന്ദർശന സംഘത്തിൽ ഉണ്ടായിരുന്നു.
Post Your Comments