തിരുവനന്തപുരം: കേരളത്തിലെ റേഷൻകടകൾ വഴി വിതരണം ചെയ്യുന്നതിന് ആവശ്യമായ പുഴുക്കലരി വിഹിതം അനുവദിക്കാത്തതിന്റെ ആശങ്ക കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രിയെ അറിയിച്ചതായി സംസ്ഥാന ഭക്ഷ്യമന്ത്രി ജി ആർ അനിൽ അറിയിച്ചു. കേന്ദ്ര സർക്കാർ കഴിഞ്ഞ ഒരു വർഷമായി എഫ്.സി.ഐ. വഴി സംസ്ഥാനത്തിന് അനുവദിക്കുന്ന അരി വിഹിതം 50 ശതമാനം പച്ചരി, 50 ശതമാനം പുഴുക്കലരി എന്ന തോതിലാണ്. എന്നാൽ കഴിഞ്ഞ രണ്ട് മാസമായി എഫ്.സി.ഐയിൽ നിന്നും വിതരണം ചെയ്യുന്ന പച്ചരിയുടെ അളവ് 90 ശതമാനമാണ്. പുഴുക്കലരി എഫ്.സി.ഐ. യിൽ നിന്നും തീരെ കിട്ടാത്ത അവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Read Also: ഉപഭോക്താക്കൾക്ക് പുതുവത്സര സമ്മാനവുമായി ജിയോ, കിടിലൻ പ്ലാനുകൾ അവതരിപ്പിച്ചു
പുഴുക്കലരിയുടെ ലഭ്യതക്കുറവ് കേരളത്തിൽ പൊതുവെയും പ്രത്യേകിച്ച് മലയോര-തീരദേശ മേഖലകളിലെ ജനങ്ങൾക്കും വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിട്ടുള്ളത്. മലബാർ മേഖലയിലെ ജനങ്ങൾ ഭൂരിഭാഗവും ചോറിന് പുഴുക്കലരിയെയാണ് ആശ്രയിക്കുന്നത്. പൊതുവിതരണ സമ്പ്രദായം വഴിയുള്ള പുഴുക്കലരിയുടെ വിതരണം മുടങ്ങിയത് പൊതുമാർക്കറ്റിൽ അരിവില ഉയരുന്നതിന് കാരണമായി. മുൻഗണനാ കാർഡുകളായ അന്ത്യോദയ-അന്നയോജന കാർഡുടമകൾക്കും പുഴുക്കലരി ലഭ്യമാകാത്ത സ്ഥിതിയാണ്. റേഷൻ കടകളിൽ പുഴുക്കലരി വിതരണം കുറഞ്ഞതോടെ സാധാരണക്കാർ ഏറെ പ്രയാസത്തിലാണ്. ഇത് കേരളത്തിലെ റേഷൻ സമ്പ്രദായത്തെ തന്നെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയുണ്ട്. കേരളത്തെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയം കേന്ദ്രസർ ക്കാരിനെ അറിയിച്ചിട്ടുണ്ട്. കേന്ദ്രം കേരളത്തിലെ റേഷൻ വിഹിതത്തിന്റെ അനുപാതം 50:50 ആയി പുനഃക്രമീകരിക്കുന്നതിനു വേണ്ട അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു.
Post Your Comments