ചാവക്കാട്: ബ്ലാങ്ങാട് ഹൈവേയുടെ പരിധിയിൽ നാൽപതോളം കുടുംബങ്ങൾ പ്രതിസന്ധിയിൽ. മുല്ലത്തറയിൽ നിന്ന് അഞ്ഞൂറ് മീറ്റർ കഴിഞ്ഞാൽ ബ്ലാങ്ങാട് പ്രദേശത്ത് ഹൈവേ 66ന്റെ നിർമ്മാണം നടക്കുന്നിടത്താണ് സംഭവം. അളവെടുപ്പിലും സ്ഥലമെടുപ്പിലും പ്ലാൻ പ്രകാരവും കിഴക്കുവശത്തുള്ളവർക്ക് സർവീസ് റോഡ് അനുവദിച്ചിരുന്നു. പക്ഷെ നിർമ്മാണകമ്പനിയുമായി നാഷണൽ ഹൈവേ അതോറിറ്റി ഉണ്ടാക്കിയിട്ടുള്ള കരാർ പ്രകാരം സർവീസ് റോഡ് ഇല്ല!
നാൽപതോളം കുടുംബങ്ങളും മേലേപ്പുര താഴത്തേൽ ഭഗവതി ക്ഷേത്രവുമുള്ള ഈ മേഖലയിൽ റീ വാൾ കെട്ടി 25 അടി ഉയരത്തിലാണ് ഹൈവേ 66 നിർമ്മിക്കുന്നത്. നിലവിലെ രീതി പ്രകാരം മേല്പറഞ്ഞ കുടുംബങ്ങൾക്ക് നടപ്പാത പോലും ഇല്ലാത്ത സ്ഥിതിയാണ്. വായോധികരും കിടപ്പുരോഗികളുമടക്കമുള്ളവരെ ആശുപത്രിയിൽ കൊണ്ടുപോകണമെങ്കിൽ താങ്ങിയെടുത്ത് റോഡിലേക്ക് നടക്കേണ്ടി വരും.
പ്രദേശവാസികൾ ഒപ്പ് ശേഖരണം നടത്തി നാഷണൽ ഹൈവേ അതോറിറ്റി പ്രൊജക്റ്റ് ഡയറക്ടർക്ക് നിവേദനം നൽകിയിട്ടുണ്ട്. പ്രശ്നത്തിന് ഉടൻ പരിഹാരം കണ്ടില്ലെങ്കിൽ നിർമ്മാണപ്രവൃത്തികൾ തടഞ്ഞ് ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
ചാവക്കാട്, ബ്ലാങ്ങാട് ഹൈവേ 66ന്റെ നിർമ്മാണം നടക്കുന്ന പ്രദേശത്ത് നാല്പ്തോളം കുടുംബങ്ങൾക്കും മേലേപ്പുര താഴത്തേൽ ഭഗവതി ക്ഷേത്രത്തിനുമടക്കം നടപ്പാത പോലുമില്ലാതെ പ്രതിസന്ധിയിലായ വിഷയത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ ഒപ്പ് വെച്ച നിവേദനം ബിജെപി സംസ്ഥാന നേതാവ് അൻമോൽ മോത്തി എൻഎച്ച് അതോറിറ്റി ഓഫ് ഇന്ത്യയുടെ പ്രൊജക്റ്റ് ഡയറക്ടർക്ക് സമർപ്പിച്ചു.
Post Your Comments