മുംബൈ: ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തിന് ഇരയായ കാസർഗോഡ് സ്വദേശി മുംബൈയിൽ മരിച്ചു. ഹനീഫയാണ് മരിച്ചത്. ഹോട്ടൽ നടത്തിപ്പുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് ഈ മാസമാണ് ഹനീഫയെ ഗുണ്ടാസംഘം മർദ്ദിച്ചത്. തുടർന്ന് മൂന്നാഴ്ച കാലത്തോളം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു.
രണ്ടു ദിവസം മുമ്പ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് വാങ്ങിയെങ്കിലും ഇന്ന് രാവിലെ കുഴഞ്ഞുവീഴുകയായിരുന്നു. മർദ്ദനത്തിൽ പരാതി നൽകിയിട്ടും പോലീസ് ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പ്രതികൾക്കൊപ്പം നിന്ന് എംആർഐ മാർഗ് പോലീസ് കേസ് ഒതുക്കിയെന്ന് മുംബൈയിലെ ഹനീഫയുടെ സുഹൃത്തുക്കൾ ആരോപിക്കുന്നു.
കഴിഞ്ഞ 13 വർഷമായി മലബാർ റെസിഡൻസി എന്ന പേരിൽ മുംബൈയിൽ ഹോട്ടൽ നടത്തുകയായിരുന്നു ഹനീഫ. 25 ലക്ഷം ഡിപ്പോസിറ്റ് നൽകിയാണ് മാസവാടകയ്ക്ക് കെട്ടിടമെടുക്കുന്നത്. ഭീമമായ തുക ചിലവിട്ടാണ് ഫർണിച്ചറുകളടക്കം വാങ്ങി ഹോട്ടൽ സജ്ജീകരിച്ചതെന്ന് ഹനീഫ പറയുന്നു. എന്നാൽ കൊവിഡ് കാലത്തിന് പിന്നാലെ കെട്ടിടമൊഴിയണമെന്ന് ഉടമയായ നൂറുൽ ഇസ്ലാം ഷെയ്ക്, ഹനീഫയോട് ആവശ്യപ്പെട്ടു.
നൽകിയ നിക്ഷേപമടക്കം മടക്കി നൽകണമെന്ന് ഹനീഫ ആവശ്യപ്പെട്ടെങ്കിലും ഉടമ തയ്യാറായതുമില്ല. തർക്കം നിയമനടപടിയിലേക്ക് പോകുമ്പോഴാണ് അക്രമം നടക്കുന്നത്. ഹോട്ടലിലേക്ക് ഇരച്ചെത്തിയ ഗുണ്ടാ സംഘം ഹനീഫയെ മർദ്ദിക്കുകയായിരുന്നു.
Post Your Comments