KeralaLatest NewsNews

നിദ ഫാത്തിമയുടെ വീട് കായിക മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു

ആലപ്പുഴ: ദേശീയ സൈക്കിള്‍ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനെത്തി നാഗ്പുരിൽ വെച്ച് മരിച്ച അമ്പലപ്പുഴ കാക്കാഴം സ്വദേശിനി നിദ ഫാത്തിമയുടെ വീട് കായിക മന്ത്രി വി. അബ്ദുറഹിമാൻ സന്ദർശിച്ചു. ഏറ്റവും ദുഃഖകരമായ സംഭവമാണ് നടന്നിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന നിദയുടെ മാതാവ് അൻസിലയെ, എച്ച്.സലാം എം.എൽ.എയ്ക്കൊപ്പം കണ്ട ശേഷമാണ് ഇരുവരും നിദയുടെ വീട്ടിലെത്തിയത്. കുടുംബാഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു.

ദേശീയ തലങ്ങളിലെ മത്സരങ്ങൾക്ക് പോകുമ്പോൾ സംഘടനകൾ തമ്മിൽ അധികാരത്തിനായി നടത്തുന്ന കിട മത്സരങ്ങൾ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതായി മന്ത്രി പറഞ്ഞു. അസോസിയേഷനുകൾ തമ്മിലുള്ള ആരോഗ്യകരമല്ലാത്ത മത്സരം അവസാനിപ്പിക്കണം. ദേശീയ മത്സരങ്ങളിൽ ആവശ്യമായ സുരക്ഷ ഉറപ്പുവരുത്താൻ പല സംസ്ഥാനങ്ങൾക്കും കഴിയാറില്ല. കേരളത്തിൽ വലിയ ശ്രദ്ധയോടെയാണ് ഇത്തരം മത്സരങ്ങൾ നടത്തിവരുന്നത്. സ്‌പോർട്സ് കൗൺസിൽ കേന്ദ്ര അഫിലിയേഷനുള്ള അസോസിയേഷനെ മാത്രമേ കേരളം അംഗീകരിക്കുന്നുള്ളൂ.

കോടതിയിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിദ ഫാത്തിമ മത്സരത്തിൽ പങ്കെടുക്കുവാനായി പോയത്. കുട്ടിയുടെ മരണകാരണത്തിൽ വ്യക്തത വരുത്തുന്നതിനായി മഹാരാഷ്ട്ര മുഖ്യമന്ത്രി, കായിക മന്ത്രി, അവിടുത്തെ ജില്ലാ കളക്ടർ തുടങ്ങിയവർക്ക് കത്ത് അയച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസും ബന്ധപ്പെടും. കേന്ദ്രമന്ത്രിയെയും ഉത്കണ്ഠ അറിയിച്ചിട്ടുണ്ട്. ആലപ്പുഴ ജില്ലാ കളക്ടർ കാൺപൂർ ജില്ലാ കളക്ടറുമായി സംസാരിച്ചു കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ദേശിയ മത്സരങ്ങളെല്ലാം കൃത്യമായ ആസൂത്രണത്തിലൂടെ സംഘടിപ്പിക്കുവാൻ കേന്ദ്രം ഇനിയെങ്കിലും നടപടി എടുക്കണം. സംഘടനകളെ നിയന്ത്രിക്കേണ്ടത് കേന്ദ്രമാണ്. വിഷയവുമായി ബന്ധപ്പെട്ട് പാർലമെന്റിൽ എം.പി ഇന്ന് അടിയന്തര പ്രമേയം അവതരിപ്പിക്കുന്നുണ്ട്. അതിന്റെ മറുപടി ലഭിച്ചതിനുശേഷം മറ്റു കാര്യങ്ങളിലേക്ക് കടക്കും. കുട്ടിയുടെ മൃതദ്ദേഹം എത്രയും പെട്ടെന്ന് നാട്ടിലേക്ക് എത്തിക്കുവാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാത്രി ബാഗ്ലുരിൽ എത്തിക്കുന്ന മൃതദേഹം തൊട്ടടുത്ത വിമാനത്തിൽ തന്നെയായി ശനിയാഴ്ച രാവിലെ കൊച്ചിയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അവിടെ നിന്ന് വീട്ടിൽ എത്തിക്കാനുള്ള ആംബുലൻസ് അടക്കമുള്ള സൗകര്യവും ഏർപ്പാടാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button