ആലപ്പുഴ: ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ ചെയ്തുവന്നിരുന്ന സി.പി.എം ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ചോദ്യം ചെയ്ത സി.പി.എം നേതാവിന് മർദ്ദനം. സി.പി.എം മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറി സോണി ജോസഫിനാണ് (42) ക്രൂരമായി മർദ്ദനം ഏൽക്കേണ്ടി വന്നത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നട്ടെല്ലിനും നെഞ്ചിനുമാണ് ഇയാൾക്ക് പരിക്കേറ്റിരിക്കുന്നത്.
സോണിയെ ആക്രമിച്ച സിഐടിയു ഹെഡ് ലോഡ് വർക്കേഴ്സ് യൂണിയൻ മുൻ കൺവീനറും സിപിഎം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തിരുമല പോഞ്ഞിക്കരയിൽ ടി.എ.സുധീർ, ഹോം സ്റ്റേ നടത്തിപ്പു പങ്കാളി സുനിൽ എന്നിവരെ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. വധശ്രമത്തിനാണ് ഇവർക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.
അഗ്നിരക്ഷാ നിലയത്തിനു പടിഞ്ഞാറുള്ള കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹോംസ്റ്റേയുടെ മറവിൽ അനാശാസ്യം നടക്കുന്നതായി ആറ് മാസങ്ങൾക്ക് മുൻപ് വിവരം ലഭിച്ചിരുന്നു. പിന്നാലെ നാട്ടുകാർ ഇടപെട്ട് കെട്ടിടം പൂട്ടിക്കുകയായിരുന്നു. അന്ന് കെട്ടിടം പൂട്ടിക്കാൻ വേണ്ടി നടത്തിയ പ്രതിഷേധത്തിൽ നേതൃത്വം നൽകാൻ സുധീറും രംഗത്തുണ്ടായിരുന്നു. പിന്നാലെ സുധീറും സുനിലും ചേർന്ന് ഹോംസ്റ്റേ പാട്ടത്തിന് എടുത്ത് ഇവിടെ വീണ്ടും അനാശാസ്യം ആരംഭിച്ചു. നാട്ടുകാർ സുധീറിനെതിരെ പാർട്ടിയിൽ പരാതി നൽകി. ഇതേ തുടർന്നു സിപിഎം പ്രവർത്തകർ സുധീറിനെ താക്കീത് ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ച് ആണ് ബ്രാഞ്ച് സെക്രട്ടറി ജോസഫിനെ വഴിയിൽ തടഞ്ഞുവെച്ച് സുധീറും കൂട്ടാളിയും കൂടി മർദ്ദിച്ചത്.
Post Your Comments