Latest NewsKeralaNews

ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടത് പ്രധാന ഉത്തരവാദിത്തമാകേണ്ട കാലം: മുഖ്യമന്ത്രി

തിരുവനന്തപുരം: നമ്മുടെ ചരിത്രവും പൈതൃകവും സംരക്ഷിക്കേണ്ടതു പ്രധാന ഉത്തരവാദിത്തമായി ഏറ്റെടുക്കേണ്ട കാലഘട്ടമാണിതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചരിത്രത്തേയും പൈതൃകത്തേയും കുറിച്ചുള്ള അടിസ്ഥാന ധാരണപോലും മാറ്റിമറിക്കുന്ന പ്രതിലോമ സാമൂഹിക ഇടപെടലുകളെ ചെറുക്കാൻ വസ്തുനിഷ്ഠമായ ചരിത്ര പഠനത്തിനു സാഹചര്യം സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പുരാരേഖ വകുപ്പ് സജ്ജമാക്കിയ താളിയോല മ്യൂസിയം നാടിനു സമർപ്പിക്കുകയായിരുന്നു മുഖ്യമന്ത്രി.

Read Also: ജനുവരി മുതൽ കിഴക്കേക്കോട്ടയിലെ സ്വകാര്യ ബസുകളുടെ അനധികൃത പാർക്കിങ്ങ് അവസാനിപ്പിക്കും: മന്ത്രി ആൻ്റണി രാജു

ചരിത്രത്തെ അപനിർമിക്കാനും വ്യാജചരിത്രം പ്രചരിപ്പിക്കാനും ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. നൂതന സാങ്കേതികവിദ്യകളെ ഇതിനായി ദുരുപയോഗം ചെയ്യുന്നു. സത്യം ചെരിപ്പിടാൻ തുടങ്ങുമ്പോഴേയ്ക്കു നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്നു പറയുന്നതുപോലെ യഥാർഥ ചരിത്ര രേഖകൾ വെളിപ്പെടുംമുൻപേ വ്യാജ ചരിത്രം നമ്മുടെ വിരൽത്തുമ്പിലെത്തുന്ന സ്ഥിതിയാണ്. ഇതു വലിയ അപകടമാണ്. ഏതെങ്കിലും പ്രത്യേക അജണ്ടയുടെ ഭാഗമായല്ലാതെ, സമഗ്രമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലുള്ള ചരിത്ര ഗവേഷണങ്ങൾ നടത്തപ്പെടണം. താളിയോല രേഖാ മ്യൂസിയം പോലുള്ള സംവിധാനങ്ങൾ നിർമിക്കുന്നതിലൂടെയും സംരക്ഷിക്കുന്നതിലൂടെയും ഈ വലിയ സാമൂഹിക ഉത്തരവാദിത്തം നാട് ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.

വർത്തമാനത്തേയും ഭാവിയേയും ബന്ധിപ്പിക്കുന്ന പാലമാണു ചരിത്രം എന്ന സമീപനത്തോടെയാണു പൂരാരേഖ വകുപ്പിന്റെ വികസനത്തിനു സർക്കാർ പ്രത്യേക ശ്രദ്ധ നൽകുന്നത്. ആറര വർഷത്തിനിടെ 37 കോടിയുടെ വികസന പദ്ധതികൾ വകുപ്പിൽ നടപ്പാക്കി. 64 പുതിയ തസ്തികകൾ സൃഷ്ടിച്ചു. പുരാരേഖകളുടെ പഠനത്തിനും ഗവേഷണത്തിനും കേരള സർവകലാശാലയുടെ സഹകരണത്തോടെ ഇന്റർനാഷണൽ ആർക്കൈവ്‌സ് ആൻഡ് ഹെറിറ്റേജ് സെന്റർ ആരംഭിക്കുന്നതിനു നടപടി സ്വീകരിച്ചു. ഇതിനായി കാര്യവട്ടം ക്യാംപസിൽ ഒരു ഏക്കർ സ്ഥലം ലഭ്യമാക്കി. സാംസ്‌കാരിക വിനിമയ പദ്ധതിയുടെ ഭാഗമായി നെതർലാന്റ്‌സുമായി കരാർ ഒപ്പിട്ടതടക്കമുള്ള ബഹുമുഖ ഇടപെടലുകളും നടത്തി. വൈക്കം സത്യഗ്രഹ ഗാന്ധി സ്മാരക മ്യൂസിയം എന്ന പേരിൽ പുരാരേഖ വകുപ്പിന്റ ആഭിമുഖ്യത്തിൽ ലോകോത്തര നിലവാരമുള്ള ആർക്കൈവൽ മ്യൂസിയം സജീകരിച്ചിട്ടുണ്ട്. അയിത്തം കൽപ്പിച്ച് ഗാന്ധിജിയെപ്പോലും പുറത്തിരുത്തിയ ചരിത്രം കേരളത്തിനുണ്ടെന്നത് ഓർമിപ്പിക്കുന്നതാണ് ഈ മ്യൂസിയം. അവിടെനിന്ന് ഇന്നത്തെ നിലയിലേക്കു കേരളം എത്തിച്ചേർന്നത് എണ്ണമറ്റ പോരാട്ടങ്ങളിലൂടെയും നവോത്ഥാന പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലുകളിലൂടെയുമാണ്. വൈക്കത്തെ ഈ മ്യൂസിയം വർത്തമാനത്തയും ഭാവിയേയും ബന്ധിപ്പക്കുന്ന പാലമായി നിലകൊള്ളുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം നഗരഹൃദയത്തിലെ ഫോർട്ടിൽ സ്ഥിതിചെയ്യുന്ന സെൻട്രൽ ആർക്കൈവ്‌സ് കെട്ടിടത്തിൽ മൂന്നു കോടി രൂപ ചെലവിലാണ് ആധുനിക ദൃശ്യ ശ്രാവ്യ സാങ്കേതിക മേന്മയുള്ള മ്യൂസിയം നിർമിച്ചിരിക്കുന്നത്. 6000 ചതുരശ്ര അടി വിസ്തീർണത്തിലാണു മ്യൂസിയം സജ്ജമാക്കിയിട്ടുള്ളത്. പദ്ധതിയുടെ രണ്ടാം ഘട്ടം ഒരു വർഷത്തിനകം പൂർത്തിയാക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച പുരാവസ്തു – പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ഗതാഗത മന്ത്രി ആന്റണി രാജു, മ്യൂസിയം – പുരാവസ്തു – പുരാരേഖ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടരി ഡോ. വി. വേണു, കൗൺസിലർ പി. രാജേന്ദ്രൻ നായർ, കേരള ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടിവ് ഡയറക്ടർ ആർ. ചന്ദ്രൻപിള്ള, പുരാരേഖ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ തുടങ്ങിയവർ പങ്കെടുത്തു.

Read Also: രാജ്യത്ത് കൊവിഡിന്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളം

shortlink

Related Articles

Post Your Comments

Related Articles


Back to top button