റിയാദ്: വെള്ളിയാഴ്ച്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി സൗദി അറേബ്യ. മക്ക മേഖലയിലെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്. ജിദ്ദയിൽ സാമാന്യം ശക്തമായ മഴ തുടരുമെന്നും കാലാവസ്ഥാ വിദഗ്ധർ പ്രവചിക്കുന്നു. മഴയോടൊപ്പം ശക്തമായ കാറ്റിനും, ആലിപ്പഴം വീഴ്ച്ചയ്ക്കും സാധ്യതയുണ്ട്.
മക്ക നഗരം, ജിദ്ദ, റാബിഗ്, തായിഫ്, ജുമൂം, അൽ കമേൽ, ഖുലൈസ്, ഖുൻഫുദഹ്, മൈസാൻ മുതലായ പ്രദേശങ്ങളിൽ ഡിസംബർ 23 വരെ ശക്തമായ മഴ ലഭിക്കും. മഴ പെയ്യുന്ന പ്രദേശങ്ങളിൽ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്നും നിർദ്ദേശമുണ്ട്. ജനങ്ങൾ താഴ്‌വരകളിൽ നിന്നും വെള്ളക്കെട്ടുകളിൽ നിന്നും വിട്ടു നിൽക്കണമെന്ന് സിവിൽ ഡിഫൻസ് വിഭാഗം മുന്നറിയിപ്പ് നൽകി. മഴ പെയ്യുന്ന സ്ഥലങ്ങളിൽ പുറത്തിറങ്ങരുതെന്നും ഈ പ്രദേശങ്ങളിലുള്ള എല്ലാ പൗരന്മാരും താമസക്കാരും അവരവരുടെ വീടുകളിൽ തന്നെ തുടരണമെന്നും അധികൃതർ വ്യക്തമാക്കി.
Post Your Comments