കൊച്ചി: കേരളം ആദ്യമായി വേദിയാകുന്ന ഐപിഎൽ താരലേലം നാളെ കൊച്ചിയിൽ. ലേലത്തിന് മുന്നോടിയായി ഇന്ന് മോക്ക് ലേലം നടക്കും. നാളെ ഉച്ചക്ക് 12.30ന് ലേല നടപടികൾ ആരംഭിക്കും. ലേല നടപടികള്‍ നിയന്ത്രിക്കുന്ന ഹ്യൂ എഡ്‌മിഡ്‌സ് കൊച്ചിയിലെത്തി. ആകെ 405 താരങ്ങളുള്ള ലേല പട്ടികയിൽ 273 ഇന്ത്യന്‍ താരങ്ങളും 132 വിദേശ താരങ്ങളുമാണുള്ളത്.
ഇന്ത്യന്‍ താരങ്ങളില്‍ 10 മലയാളി താരങ്ങളുമുണ്ട്. ആകെ 87 കളിക്കാരെയാണ് പത്ത് ടീമുകൾക്ക് വേണ്ടത്. 21 കളിക്കാരാണ് ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി ടാഗിൽ വരുന്നത്. 1.5 കോടി അടിസ്ഥാന വിലയുള്ളത് പത്ത് പേര്‍ക്കും, ഒരു കോടി അടിസ്ഥാന വിലയുള്ള 24 പേരുമുണ്ട്. ഇംഗ്ലണ്ടിന്‍റെ ടി20 ലോകകപ്പ് ടീമിലുണ്ടായിരുന്ന ബെൻ സ്റ്റോക്സ്, സാം കറന്‍ ഓസ്ട്രേലിയൻ ഓൾ റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നീ താരങ്ങൾക്കായി ലേലത്തില്‍ വാശിയേറിയ പോരാട്ടം അരങ്ങേറും.
ഇംഗ്ലണ്ടിന്‍റെ ഹാരി ബ്രൂക്ക്, ദക്ഷിണാഫ്രിക്കയുടെ റീലി റൂസോ, വെസ്റ്റ് ഇൻഡീസിന്‍റെ നിക്കോളാസ് പൂരാൻ എന്നിവര്‍ക്കുവേണ്ടിയും ആവശ്യക്കാരേറെയുണ്ടാകും. ഇന്ത്യൻ താരങ്ങളിൽ മുമ്പൻ കഴിഞ്ഞ സീസണില്‍ പഞ്ചിബിന്‍റെ നായകനായിരുന്ന മായങ്ക് ആഗര്‍വാളാണ്. ഒരുകോടി വിലയിട്ട് മനീഷ് പാണ്ഡെയുമുണ്ട്.
Read Also:- ശബരിമലയിൽ മണ്ഡല പൂജയ്ക്കുള്ള ഒരുക്കങ്ങൾ പൂർണ്ണം; കർപ്പൂരാഴി ഘോഷയാത്ര ഇന്ന്
പ്രതീക്ഷയോടെ പത്ത് മലയാളി താരങ്ങളും ലേലത്തിനുണ്ട്. രോഹൻ കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, കെ.എം ആസിഫ്, എസ് മിഥുൻ, സച്ചിൻ ബേബി, ഷോണ്‍ റോജര്‍, വിഷ്ണു വിനോദ്, ബേസിൽ തമ്പി, വൈശാഖ് ചന്ദ്രൻ, അബ്ദുൾ ബാസിദ് എന്നിവരാണ് ലേലത്തില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍.
Post Your Comments