Latest NewsKeralaNews

തൊടുപുഴയിൽ ഹൃദ്രോഗിയെ ഡി.വൈ.എസ്.പി മർദിച്ചെന്ന പരാതിയിൽ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി

ഇടുക്കി: തൊടുപുഴയിൽ ഹൃദ്രോഗിയെ ഡി.വൈ.എസ്.പി മർദിച്ചെന്ന പരാതിയിൽ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് ജില്ലാ പൊലീസ് മേധാവി വി.യു കുര്യാക്കോസ്. ഡി.വൈ.എസ്.പി ജിൽസൺ മാത്യുവിനാണ് അന്വേഷണ ചുമതല. സംഭവത്തില്‍ പരാതിക്കാരനായ മലങ്കര സ്വദേശി മുരളീധരൻ്റെയും ആരോപണ വിധേയനായ ഡി.വൈ.എസ്.പി എം.ആർ മധു ബാബുവിൻ്റെയും മൊഴി രേഖപ്പെടുത്തും.

ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോദ്യം ചെയ്യാൻ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഡി.വൈ.എസ്.പി മർദ്ദിച്ചു എന്നാണ് മലങ്കര സ്വദേശി മുരളീധരന്റെ ആരോപണം. എസ്.എൻ.ഡി.പി തൊടുപുഴ യൂണിയന്റെ വാട്സ് ആപ് ഗ്രൂപ്പിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ പോസ്റ്റർ ഇട്ടെന്ന കേസിലായിരുന്നു മുരളീധരനെ ചോദ്യം ചെയ്യലിന് ഡി.വൈ.എസ്.പി ഓഫീസിലേക്ക് വിളിച്ചുവരുത്തിയത്.

മുരളീധരനെ ഡി.വൈ.എസ്.പി ബൂട്ടിട്ട് ചവിട്ടിയെന്നും മുഖത്തടിച്ചെന്നും വയർലെസ് ദേഹത്തേക്ക് വലിച്ചെറിഞ്ഞെന്നുമാണ് മുരളീധരന്റെ പരാതി. ആരോപണം ഡി.വൈ.എസ്.പി നിഷേധിച്ചിരുന്നു. ഡി.വൈ.എസ്.പിക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും മുരളീധരൻ പരാതി നൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button