തിരുവനന്തപുരം: സിവിൽ സർവീസിന്റെ കാര്യക്ഷമതയ്ക്ക് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ പോലുള്ള സ്ഥാപനങ്ങളുടെ ഫലപ്രദമായ ഇടപെടൽ പ്രധാനമാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ട്രിബ്യൂണലിൽ വരുന്ന കേസുകളിൽ എത്രവേഗം തീർപ്പുകൽപ്പിക്കുന്നുവോ അത് സിവിൽ സർവീസിന്റെ കാര്യക്ഷമത വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെ 11-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
സിവിൽ സർവീസിൽ കൊണ്ടുവന്ന മാറ്റങ്ങളിലൂടെ സംസ്ഥാനത്തിനു രാജ്യത്തുതന്നെ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നു മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന ഖ്യാതി നേടി. 860 സേവനങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കാൻ നടപടി സ്വീകരിച്ചു. സർക്കാർ ഓഫിസുകളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും മുൻഗണന നൽകുന്നു. ആവശ്യമായ തസ്തിക സൃഷ്ടിക്കൽ, കൃത്യസമയത്ത് പ്രമോഷൻ നൽകൽ തുടങ്ങിയവയ്ക്കെല്ലാം നടപടി സ്വീകരിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ പൊതുസർവീസ് രൂപീകരണം, സ്കൂൾ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പുകളുടെ സംയോജനം, വനിതാ ശിശുവികസന വകുപ്പിന്റെ രൂപീകരണം തുടങ്ങിയവയെല്ലാം സിവിൽ സർവീസിൽ വന്ന വലിയ മാറ്റങ്ങളാണ്. ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ നടത്തിയ ഫയൽ തീർപ്പാക്കൽ യജ്ഞത്തിൽ 9.55 ലക്ഷം ഫയലുകൾ തീർപ്പാക്കി.
സർക്കാർ സംവിധാനങ്ങൾ കൂടുതൽ ജനോപകാരപ്രദമാക്കുകയാണു ലക്ഷ്യം. പബ്ലിക് സർവീസ് കമ്മിഷൻ മുഖേനയുള്ള നിയമനങ്ങളുമായി ബന്ധപ്പെട്ടു ചില കേസുകൾ ഉയർന്നുവരുന്നുണ്ട്. അത്തരം കേസുകളിൽ പ്രത്യേക ശ്രദ്ധയുണ്ടാകണം. വ്യവഹാരസംബന്ധമായി അതിന്റേതായ കാലതാമസമല്ലാതെ കേസുകൾ നീണ്ടുപോയാൽ ചില ഉദ്യോഗാർഥികളുടെ അവസരംതന്നെ നഷ്ടമാകാൻ ഇടയുണ്ട്. ഇതു മുൻനിർത്തി കഴിയാവുന്നത്ര വേഗത്തിൽ കേസുകൾ തീർപ്പാക്കാൻ ശ്രദ്ധിക്കണം. കേസുകൾ വലിയ തോതിൽ പെന്റിങ്ങാകുന്നതിനുള്ള പരിഹാരമായി ട്രിബ്യൂണൽ മുന്നോട്ടുവച്ചിട്ടുള്ള നിർദേശങ്ങൾ പ്രായോഗികമായി നടപ്പാക്കുന്നകാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടന്ന ചടങ്ങിൽ കേരള അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ ചെയർമാൻ ജസ്റ്റിസ് സി.കെ. അബ്ദുൾ റഹിം അധ്യക്ഷത വഹിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്, അഡ്വക്കറ്റ് ജനറൽ കെ ഗോപാലകൃഷ്ണ കുറുപ്പ്, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ ആനയറ ഷാജി, അഡ്വ എം ഫതാഹുദ്ദീൻ, അഡ്വ ഷീലാ ദേവി, അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ എറണാകുളം ബെഞ്ച് ഡെപ്യൂട്ടി രജിസ്ട്രാർ വി വിനീത തുടങ്ങിയവർ പങ്കെടുത്തു.
Read Also: ടൈറ്റാനിയം ജോലിത്തട്ടിപ്പ് കേസ്: ശശി കുമാരൻ തമ്പിയുടെ ലാപ്ടോപ്പ് പിടിച്ചെടുത്ത് പോലീസ്
Post Your Comments