പാലക്കാട്: സെറിബ്രൽ പാൾസി രോഗം ബാധിച്ച മകന്‍റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ കടം ചോദിച്ച വീട്ടമ്മയ്ക്ക് ദിവസങ്ങൾക്കകം ബാങ്ക് അക്കൗണ്ടിലെത്തിയത് 51 ലക്ഷം രൂപയാണ്. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്ര മകന്‍റെ വിശപ്പടക്കാൻ മറ്റു വഴിയില്ലാതെ വന്നതോടെയാണ് 500 രൂപയ്ക്കായി വട്ടേനാട് സ്കൂളിലെ ഗിരിജ ടീച്ചറെ സമീപിച്ചത്.
ഇവരുടെ ദുരിതത്തെ കുറിച്ച് ഗിരിജ ടീച്ചറിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാണ് ആളുകൾ സഹായവുമായി എത്തിയത്. രോഗം ബാധിച്ച് തീർത്തും കിടപ്പിലായ 17 വയസുള്ള മകൻ ഉൾപ്പെടെ മൂന്നു മക്കളാണ് സുഭദ്രയ്ക്കുള്ളത്. പൊട്ടി പൊളിയാറായ വീട്ടിലാണ് സുഭദ്രയുടെയും മൂന്ന് മക്കളുടെയും താമസം. 5 മാസം മുമ്പ് ആണ് ഭർത്താവ് മരിച്ചത്. ഇതോടെ കുടുംബത്തിന്റെ ഏക ആശ്രയവും മുടങ്ങി. രോഗിയായ മകനൊപ്പം മറ്റ് രണ്ട് മക്കളെ കാവലിരുത്തിയാണ് സുഭദ്ര കൂലിപ്പണിയ്ക്ക് പോവുക. പണിക്ക് പോവാൻ പറ്റാതായതോടെ കുടുംബം മുഴു പട്ടിണിയിലായി.
സുഭദ്രക്ക് ആവശ്യമായ പണം അയച്ചു കൊടുത്തതിനൊപ്പം ടീച്ചർ അവരുടെ ദുരിതത്തെ കുറിച്ച് ഫെസ് ബുക്കിൽ പോസ്റ്റിട്ടു. ഇതിനെ തുടര്‍ന്ന് സുഭദ്രയ്ക്ക് പല വഴികളിൽ നിന്നും സഹായപ്രവാഹം എത്തുകയായിരുന്നു.
പാതിവഴിയിലായ വീട് പണിയും മകന്റെ തുടർ ചികിത്സയും ഈ പണം കൊണ്ട് പൂർത്തിയാക്കണം എന്നാണ് സുഭദ്രയുടെ ആഗ്രഹം.
Post Your Comments