Latest NewsKerala

കാർ പുഴയിൽ വീണുള്ള അപകടം: അന്ത്യയാത്രയിൽ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം കൊച്ചു മകനും

തൃശൂർ: വിവാഹ ചടങ്ങിൽ പ​ങ്കെടുക്കാൻ പോകുന്നതിനിടെ കാർ പുഴയിലേക്ക് മറിഞ്ഞ് ദമ്പതികളും ആറ് വയസ്സുള്ള കൊച്ചുമകനും മരണപ്പെട്ടത് നാടിന് തീരാത്ത നൊമ്പരമായി. ഒല്ലൂർ ചീരാച്ചി യശോറാം ഗാര്‍ഡൻ ശ്രീവിഹാറില്‍ രാജേന്ദ്ര ബാബു (66), ഭാര്യ സന്ധ്യ (60), മകൾ സ്​നേഹയുടെ മകൻ സമർത്ഥ്​ എന്നിവരാണ്​ മരിച്ചത്​. രാജേന്ദ്രബാബുവിന്‍റെ മകന്‍ ശരത്തിനെ (30) നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.

തിങ്കളാഴ്ച ഉച്ചക്ക്​ 12.45ഓടെയായിരുന്നു അപകടം. വിവാഹത്തില്‍ പങ്കെടുക്കാന്‍ കാറിൽ ആറാട്ടുപുഴ ബണ്ട് റോഡിലൂടെ പോകുമ്പോള്‍ എതിരെ വന്ന വാഹനത്തിന് സൈഡ് കൊടുക്കാൻ ഒതുക്കുമ്പോൾ കാർ പുഴയിലേക്ക് തെന്നിമറിയുകയാണ് ഉണ്ടായത്. കാര്‍ കരയിലേക്ക് അടുപ്പിച്ച് കുടുങ്ങിയവരെ പുറത്തെടുക്കാൻ 20 മിനിറ്റ് എടുത്തു. ഇതിനുള്ളിൽ രാജേന്ദ്ര ബാബുവും സമർത്ഥും മരിച്ചിരുന്നു. സന്ധ്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാജേന്ദ്ര ബാബുവാണ് കാര്‍ ഓടിച്ചതെന്ന്​ പറയുന്നു.

കൊല്ലം കുണ്ടറ പുനുക്കനൂര്‍ സ്വദേശിയായ കീഴുട്ട് പുത്തന്‍വീട്ടില്‍ രാജേന്ദ്ര ബാബു ആൻഡമാനിൽ വനം വകുപ്പ് ഉദ്യോഗസ്ഥനും സന്ധ്യ അവിടെ അധ്യാപികയുമായിരുന്നു. രണ്ട് വര്‍ഷം മുമ്പ്​ സർവീസിൽ നിന്ന് വിരമിച്ച ശേഷം ചീരാച്ചി യശോറാം ഗാര്‍ഡനിൽ ഇവർ താമസമാക്കി. മകന്‍ ശരത്ത് ഹൈദരാബാദിൽ സോഫ്റ്റ് വെയര്‍ എൻജിനീയറാണ്​. മകള്‍ സ്‌നേഹക്ക്​ ബംഗളൂരുവിലാണ്​ ജോലി. സ്​നേഹയുടെ ഭർത്താവ്​ ശ്യാം ആദിത്യ വിദേശത്താണ് ജോലി ചെയ്യുന്നത്. ​നേഹ – ശ്യാം ആദിത്യ ദമ്പതികളുടെ ഏക മകനാണ്​ മരണപ്പെട്ട സമർത്ഥ്.

മകളോടൊപ്പം ബംഗളൂരുവിലായിരുന്ന രാജേന്ദ്ര ബാബുവും സന്ധ്യയും രണ്ട്​ ദിവസം മുമ്പാണ്​ വിവാഹത്തിൽ പ​ങ്കെടുക്കാനായി ചീരാച്ചിയിൽ എത്തുന്നത്. സ്​നേഹ, അമ്മാവന്‍ ശശി മേനോനും അമ്മായി ഹേമക്കുമൊപ്പം മകൻ സമർത്ഥുമൊത്ത്​ ഞായറാഴ്ച എത്തുകയായിരുന്നു. തിങ്കളാഴ്ച വിവാഹത്തില്‍ പങ്കെടുക്കാൻ രണ്ട് കാറുകളിലായാണ്​ ഇവർ ചീരാച്ചിയില്‍ നിന്ന് പുറപ്പെടുന്നത്.

ആദ്യത്തെ കാറിലാണ് അപകടത്തില്‍പ്പെട്ടവര്‍ സഞ്ചരിച്ചിരുന്നത്. പിന്നിലെ കാറിലാണ് ശശി മേനോനും ഹേമയും സ്‌നേഹയുമുണ്ടായിരുന്നത്​. മുന്നിലെ കാർ പുഴയിലേക്ക്​ വീണ്​ അധികം വൈകാതെ സ്​നേഹ സഞ്ചരിച്ച കാർ അവിടെയെത്തുകയായിരുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ ആക്ട്​സ് പ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button