27ാമത് രാജ്യാന്തര ചലച്ചിത്ര മേളയുടെ സമാപന വേദിയിലാണ് രഞ്ജിത്തിന് കൂവൽ നേരിടേണ്ടി വന്നത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമയ്ക്കു സീറ്റ് കിട്ടാത്തതിലെ പ്രതിഷേധമാണ് സമാപനചടങ്ങില്‍ ഡെലിഗേറ്റുകൾ പ്രശ്നം ഉണ്ടാക്കിയത്. അതോടെ വേദിയിൽനിന്ന രഞ്ജിത്ത് എനിക്ക് ഈ കൂവൽ ഒന്നും പുത്തരി അല്ലെന്നും 1976ൽ എസ്എഫ്‌ഐയിൽ തുടങ്ങിയതാണ് ജീവിതം. അതുകൊണ്ട് ഇതൊന്നും ഒരു വിഷയമൊന്നും അല്ലെന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ രഞ്ജിത്തിന്റെ ഈ വാക്കുകൾക്ക് ഹരീഷ് പേരടി നൽകുന്ന മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കൂവിയും കുരച്ചുമാണ് ഹരീഷ് പേരടി പ്രതിഷേധം അറിയിച്ചത്.
താനടക്കമുള്ള പൊതുസമൂഹത്തിന്റെ നികുതിപ്പണം കൊണ്ട് നടത്തുന്ന ചലച്ചിത്ര മേളയിൽ പ്രതിഷേധിച്ചവരെ പട്ടികളും നായ്ക്കളുമായി ഉപമിച്ച രഞ്ജിത്തിന്റെ മാടമ്പിത്തരത്തിനെതിരെയുള്ള പ്രതിഷേധമാണ് ഈ കൂവലും കുരയും എന്ന് പറഞ്ഞ് ദേവാസുരത്തിലെ ‘വന്ദേ മുകുന്ദ ഹരേ’ എന്ന പാട്ടിന്റെ ഈണത്തിൽ ഹരീഷ് കൂവി. പിന്നാലെ രണ്ടുമൂന്ന് തവണ കുരച്ചതിന് ശേഷം, മേലാൽ ഈ തെമ്മാടിത്തരം ആവർത്തിക്കരുത് എന്ന താക്കീതും പേരടി നൽകുന്നുണ്ട്. നിരവധി പേരാണ് വീഡിയോ ഷെയർ ചെയ്യുന്നത്.
ഐഎഫ്എഫ്കെ ക്ക് തിരശ്ശീല വീണെങ്കിലും വിവാദങ്ങൾക്ക് ഒട്ടും ശമനമില്ല. നടത്തിപ്പിനെ കുറിച്ചുയർന്ന പരാതികളെ പൂർണ്ണമായും തള്ളുകയാണ് രഞ്ജിത്ത്. റിസർവ്വേഷനിൽ വീഴ്ചയുണ്ടായിട്ടില്ല. നൻപകൽ നേരത്ത് മയക്കത്തിൻറെ ആദ്യ ഷോക്ക് തന്നെ എല്ലാവരും വന്നതാണ് പ്രശ്നമെന്നാണ് അക്കാദമി ചെയർമാൻറെ നിലപാട്. പഴയ എസ്എഫ്ഐ ചരിത്രം ഓർമ്മിപ്പിച്ചുള്ള പ്രതിരോധമൊന്നും കണിക്കിലെടുക്കാതെയാണ് പ്രതിഷേധക്കാർ കടുപ്പിക്കുന്നത്. വിക്കിപീഡിയയിൽ രഞ്ജിത്തിൻറെ പ്രൊഫൈൽ കടുത്ത ഭാഷ ഉപയോഗിച്ച് തിരുത്തുന്നതിലേക്ക് വരെ എതിർപ്പ് നീണ്ടിരുന്നു.
Post Your Comments