കോഴിക്കോട്: നാടിന്റെ ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള ഇടപെടലുകളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിനാലൂര്‍ കെ.എസ്.ഐ.ഡി.സി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ ആരംഭിച്ച ക്രേസ് ബിസ്‌ക്കറ്റ്‌സ് ഫുഡ് ഫാക്ടറി ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ‘ആരോഗ്യമുള്ള ജനത, മെച്ചപ്പെട്ട കൂലി, ഉന്നത വിദ്യാഭ്യാസം ലഭിച്ച മനുഷ്യ വിഭവശേഷി തുടങ്ങി ഏത് ഘടകം പരിശോധിച്ചാലും രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം. പശ്ചാത്തല സൗകര്യ വികസന പദ്ധതികള്‍ കൃത്യമായ ദിശാ ബോധത്തോടെയാണ് സംസ്ഥാനം നടപ്പിലാക്കി വരുന്നത്. വ്യവസായ സൗഹൃദ സംസ്ഥാനം എന്ന നിലയിലേക്ക് കൂടുതല്‍ മുന്നേറ്റം നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്’, അദ്ദേഹം പറഞ്ഞു.
Read Also:പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ ചീര കഴിച്ച് 50 പേര്‍ക്ക് ദേഹാസ്വാസ്ഥ്യം
ഒരു ലക്ഷത്തിലധികം ചതുരശ്ര അടിയില്‍ ഒരുങ്ങിയ ക്രേസ് ബിസ്‌ക്കറ്റ്‌സ് കേരളത്തിലെ ഏറ്റവും വലിയ ഫുഡ് ഫാക്ടറിയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണയോടെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രത്യക്ഷമായി അഞ്ഞൂറിലധികം പേര്‍ക്കും പരോക്ഷമായി ആയിരത്തിലധികം പേര്‍ക്കും സ്ഥാപനം തൊഴില്‍ നല്‍കുന്നു.
വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. 1,06,380 സംരംഭങ്ങള്‍ പുതുതായി കേരളത്തില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും 6,524 കോടിയുടെ നിക്ഷേപവും 2,30,847 തൊഴിലവസരവും ഇതിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടന്നും മന്ത്രി പറഞ്ഞു. ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളായിരുന്നു.
Post Your Comments