ഭുവനേശ്വർ: ഇന്ത്യയുടെ ആണവ-ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ അഗ്നി-5 നൈറ്റ് ട്രയൽ വിജയകരം. 5,400 കിലോമീറ്റർ ദൂരപരിധിയുള്ള മിസൈലിനു ചൈനയുടെ മുഴുവൻ ഭൂപരിധിയും ലക്ഷ്യമിടാനാകും. ഒഡിഷയില്‍ വെച്ച് വൈകീട്ട് 5.30 നാണ് മിസൈല്‍ പരീക്ഷിച്ചത്.
മിസൈലില്‍ പുതിയതായി ഉള്‍പ്പെടുത്തിയ സാങ്കേതിക വിദ്യകളും ഉപകരണങ്ങളും പരീക്ഷിക്കുന്നതിന് വേണ്ടിയാണ് അഗ്നി-5 ന്റെ നൈറ്റ് ട്രയല്‍ നടത്തിയത്. അഗ്നി മിസൈല്‍ പരമ്പരയിലെ അത്യാധുനിക പതിപ്പാണ് അഗ്നി-5. ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ആണ് അഗ്നി-5 മിസൈല്‍ വികസിപ്പിച്ചത്.
ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ അഗ്നി-5 നെ കൂടാതെ 700 കിമീ പരിധിയുള്ള അഗ്നി-1, 2000 കിമീ പരിധിയുള്ള അഗ്നി-2, 2500 കിമീ പരിധിയിലുള്ള അഗ്നി-3, 3500 കിമി പരിധിയുള്ള അഗ്നി-4 എന്നിവയാണ് അഗ്നി-5ന് മുന്നേയുണ്ടായിരുന്നവ.
2012 ൽ ആദ്യമായി പരീക്ഷണ വിക്ഷേപണം നടത്തിയ അഗ്നി 5 മിസൈലിന്റെ ഒൻപതാം പരീക്ഷണമാണ് ഇന്നത്തേതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2018 വരെ ആറ് പരീക്ഷണ വിക്ഷേപണങ്ങളും 2021 ല്‍ യൂസര്‍ ട്രയലും നടത്തി.
Post Your Comments