ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ പാര്‍ലമെന്റില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി. കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് ഉണ്ടാക്കാന്‍ 100 കോടിയുടെ ചിലവാണെന്ന് ഗഡ്കരി ആരോപിച്ചു. 25 ശതമാനം ഭൂമിയുടെ പണം നല്‍കാമെന്ന് കേരളത്തിലെ മുഖ്യമന്ത്രി പറഞ്ഞു, എന്നാല്‍ പിന്നീട് അദ്ദേഹം അതില്‍ നിന്ന് പിന്മാറുകയായിരുന്നുവെന്നും ഗഡ്കരി ആരോപിച്ചു.
രാജ്യത്തെ മൊത്തം ദേശീയപാതാ നിര്‍മ്മാണത്തെക്കുറിച്ചുള്ള വിവിധ ചോദ്യങ്ങള്‍ക്ക് ലോക്സഭയില്‍ മറുപടി പറയുമ്പോഴായിരുന്നു കേരളത്തിന്റെ പിന്നോട്ടുപോക്കിനെ കുറിച്ച് ഗഡ്കരി ചൂണ്ടിക്കാണിച്ചത്. കേരളത്തില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മ്മാണത്തിന് 100 കോടി രൂപയാണ് ചെലവ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചെലവുകളെ കുറിച്ചും, നിലവില്‍ കേരളത്തില്‍ നടക്കുന്ന ദേശീയ പാതാ നിര്‍മ്മാണവും ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം.
ഭൂമി വിലയുടെ 25 ശതമാനം കേരളം വഹിക്കാമെന്ന് കേരളത്തിലെ മുഖ്യമന്ത്രിയായ പിണറായി വിജയന്‍ പറഞ്ഞിരുന്നു. അക്കാര്യം താനുമായി സംസാരിച്ച് ഉറപ്പാക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് അദ്ദേഹം കേന്ദ്ര മന്ത്രാലയവുമായി സംസാരിക്കുകയും, 25 ശതമാനം ഭൂമിയുടെ വില കേരളത്തിന് നല്‍കാന്‍ കഴിയില്ലെന്ന് അറിയിച്ച് പിന്മാറുകയുമായിരുന്നു. പിന്നീട് ഒരു നീക്കുപോക്ക് എന്ന നിലയില്‍ കേന്ദ്രവും സംസ്ഥാനവും തമ്മില്‍ നിര്‍മ്മാണ സാമഗ്രികളുടെ ജിഎസ്ടി ഒഴിവാക്കിയും, സര്‍ക്കാര്‍ ഭൂമി ഉണ്ടെങ്കില്‍ അത് ദേശീയപാതാ നിര്‍മ്മാണത്തിന് സൗജന്യമായി വിട്ട് നല്‍കിയും പകരം നീക്കു പോക്ക് നടത്തുകയാണ് ചെയ്തതെന്നും ഗഡ്കരി വ്യക്തമാക്കി. കേരളത്തിലെ എംപിമാരുടെ സാന്നിദ്ധ്യത്തിലായിരുന്നു വിമര്‍ശനം ഉന്നയിച്ചത്.
Post Your Comments