തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കൈപ്പിടിയിലാക്കാനുള്ള പ്രവർത്തനങ്ങളാണ് സംഘപരിവാർ നടത്തുന്നതെന്ന് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. അതിനായി ഗവർണർമാരെ ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉപയോഗപ്പെടുത്തുന്ന സ്ഥിതി വ്യാപകമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന്റെ ഭാഗമായി കൂടുതൽ തീവ്രമായി ഇടപെടുന്ന സമീപനമാണ് കേരളത്തിലെ ഗവർണർ സ്വീകരിക്കുന്നത്. ഇക്കാര്യത്തിൽ യുഡിഎഫ് ആദ്യം സ്വീകരിച്ച സമീപനം ഇതിനെയും സംസ്ഥാന സർക്കാരിനെതിരെ ഉപയോഗപ്പെടുത്തുക എന്നതായിരുന്നു. ഗവർണർ ഉന്നതവിദ്യാഭ്യാസ രംഗത്തെ മാത്രമല്ല, സംസ്ഥാനത്തിന്റെ വികസനത്തെയാകെ ദുർബലപ്പെടുത്താനുള്ള സമീപനമാണ് സ്വീകരിക്കുന്നതെന്ന കാര്യം ജനങ്ങളോട് വിശദീകരിക്കുന്ന നില കേരളത്തിലെ അക്കാദമിക സമൂഹത്തിന്റെ മുൻകൈയിൽ നടക്കുകയുണ്ടായി. ഇതിന് വമ്പിച്ച പിന്തുണയാണ് കേരളീയ സമൂഹത്തിൽ നിന്നുണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തെ ദുർബലപ്പെടുത്താനുള്ള സംഘപരിവാറിന്റെ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചതോടെ ജനാധിപത്യവാദികൾ എൽഡിഎഫിന് അനുകൂലമായി ചിന്തിക്കുന്ന സ്ഥിതിയുണ്ടായി. സംഘപരിവാറിന്റെ ന്യൂനപക്ഷവിരുദ്ധ അജൻഡകൾക്കെതിരെ എൽഡിഎഫ് സ്വീകരിക്കുന്ന സമീപനം ന്യൂനപക്ഷ ജനവിഭാഗങ്ങളിലും അനുകൂലമായ അവസ്ഥ സൃഷ്ടിക്കുന്ന സ്ഥിതിയുണ്ടായി. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ വികസനത്തിനും മതനിരപേക്ഷ പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിനും സ്വീകരിച്ച നിലപാട് വലിയ ജനപിന്തുണ ആർജിച്ചു. എൽഡിഎഫിന്റെ നിലപാട് പൊതുജനങ്ങളിൽ മാത്രമല്ല, യുഡിഎഫിലും പുതിയ പ്രശ്നങ്ങൾ രൂപപ്പെടുത്തി. വികസനത്തെ തടയുന്ന നയത്തിനെതിരെയും ഗവർണറുടെ സമീപനത്തിനെതിരെയും മുസ്ലിംലീഗ് പരസ്യമായി രംഗത്തുവന്നു. ആർഎസ്പിയും ഗവർണറുടെ പ്രശ്നത്തിൽ സർക്കാർ നിലപാടിനൊപ്പം നിന്നു. ഇത് യുഡിഎഫിൽ പുതിയ പ്രതിസന്ധി സൃഷ്ടിച്ചു. അതിന്റെ ഫലമായി നിയമസഭയിൽ ഗവർണറെ സർവകലാശാല ചാൻസലർ സ്ഥാനത്തുനിന്നു മാറ്റുന്ന ബില്ലിനെ യുഡിഎഫിനും പിന്തുണക്കേണ്ട സ്ഥിതിവിശേഷമുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: ഓട്ടോറിക്ഷ മറിഞ്ഞ് അപകടം : ആറ് കുട്ടികൾക്ക് പരിക്ക്
കേരളത്തിന്റെ വികസനത്തിനു വേണ്ടിയും സംഘപരിവാറിന്റെ രാഷ്ട്രീയ അജൻഡകൾക്കെതിരായുമുള്ള പോരാട്ടത്തിൽ അണിചേരുന്ന നിലപാട് ആര് സ്വീകരിച്ചാലും അതിനെ പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും സിപിഐ എം എന്നും മുന്നിലുണ്ടാകും. അതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിൽ വർത്തമാനകാലത്തുണ്ടായ വിഴിഞ്ഞം പ്രശ്നത്തിലും ഗവർണറുടെ പ്രശ്നത്തിലും മുസ്ലിംലീഗ് ഉൾപ്പെടെയുള്ളവർ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്തത്. അത്തരം നിലപാട് ആര് സ്വീകരിച്ചാലും അതിനെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ സിപിഐ എം പ്രതിജ്ഞാബദ്ധമാണ്. അത് മുന്നണിയുടെ രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രശ്നവുമായി കൂട്ടിക്കുഴയ്ക്കേണ്ട കാര്യമില്ല. എൽഡിഎഫും സർക്കാരും സ്വീകരിക്കുന്ന നയങ്ങൾ രാഷ്ട്രീയത്തിനതീതമായി പിന്തുണ നേടുന്നുവെന്നതിന്റെ സൂചന കൂടിയാണിത്. സംഘപരിവാർ അജൻഡകളെ പ്രതിരോധിക്കാൻ കോൺഗ്രസിന്റെ നയങ്ങളേക്കാൾ ഇടതുപക്ഷത്തിന്റെ നയങ്ങൾ സ്വീകാര്യമാണെന്ന് യുഡിഎഫിലെ ഘടകകക്ഷികൾപോലും ചിന്തിക്കുന്നുവെന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം നല്ല സൂചനയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
Read Also: നാലുമുറി ഷെഡിന് വാടക 46,000 രൂപ: വാടക ചോദിച്ചെത്തിയ ഉടമയെ തല്ലിയ ജാർഖണ്ഡ് തൊഴിലാളികള് അറസ്റ്റിൽ
Post Your Comments