പത്തനംതിട്ട: ശബരിമലയിലെ തിരക്ക് വർദ്ധിക്കുന്നതനുസരിച്ച് ഭക്തർക്ക് സുഖദർശനം സാധ്യമാകുന്ന തരത്തിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്. സ്ത്രീകൾക്കും കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക ക്യൂ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
Read Also: കേരളത്തിന്റെ യശസ് ഉയർത്തിക്കിട്ടുന്ന തരത്തിലുള്ളതാക്കി ശബരിമല തീർത്ഥാടനത്തെ മാറ്റണം: ദേവസ്വം മന്ത്രി
പതിനെട്ടാംപടിയിൽ ഇന്ത്യ റിസർവ് ബറ്റാലിയനിലെ (ഐ.ആർ.ബി) കൂടുതൽ പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. ഒരുമിനിട്ടിൽ 80 പേർക്ക് പതിനെട്ടാംപടി ചവിട്ടാൻ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
വരും ദിവസങ്ങളിൽ കൂടുതൽ ഭക്തർ ദർശനത്തിനെത്താനുള്ള സാധ്യത മുന്നിൽ കണ്ടുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത തടസമുണ്ടാകാതെ ഭക്തർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ ആവശ്യമായ കൂടുതൽ സൗകര്യങ്ങളൊരുക്കും. കാനനപാതയിലൂടെ വരുന്നവർക്കും കൂടുതൽ സൗകര്യങ്ങളൊരുക്കും. ദർശനത്തിനായി കാത്തുനിൽക്കുന്ന ഭക്തർക്ക് താമസമുണ്ടാകാത്ത രീതിയിൽ ഫ്ളൈ ഓവറിലൂടെ ദർശനം പൂർത്തിയാക്കിയ ഭക്തർക്ക് തിരികെ പോകുന്നതിനുള്ള സൗകര്യവുമൊരുക്കുമെന്നും ഡിജിപി വ്യക്തമാക്കി.
മാളികപ്പുറം, സന്നിധാനം, പതിനെട്ടാം പടി എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയ അദ്ദേഹം പോലീസുദ്യോഗസ്ഥർക്ക് സന്നിധാനത്ത് ഏർപ്പെടുത്തിയിരിക്കുന്ന താമസ സൗകര്യവും ഭക്ഷണശാലയും സന്ദർശിച്ചു. ശബരിമല തന്ത്രി കണ്ഠര് രാജീവരര്, മേൽശാന്തി കെ ജയമോഹൻ നമ്പൂതിരി എന്നിവരെയും ഡിജിപി സന്ദർശിച്ചു. ദക്ഷിണ മേഖലാ ഐ ജി പി പ്രകാശ്, സന്നിധാനം സ്പെഷ്യൽ ഓഫീസർ ആനന്ദ് ആർ, പത്തനംതിട്ട ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മഹാജൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Read Also: മൂന്ന് സാമ്പത്തിക ഇടനാഴി പദ്ധതികളുടെ 990 കിലോമീറ്റർ കടന്നുപോകുന്നത് കേരളത്തിലൂടെ: നിതിൻ ഗഡ്കരി
Post Your Comments