Latest NewsIndiaNews

ആസിഡ് എളുപ്പം കിട്ടുന്നത് ഓണ്‍ലൈന്‍ സൈറ്റ് വഴി, ഫ്‌ളിപ് കാര്‍ട്ടിനും ആമസോണിനും നോട്ടീസ്

പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടപടിയുമായി ഡല്‍ഹി വനിതാ കമ്മീഷന്‍

 

ന്യൂഡല്‍ഹി: പതിനേഴുകാരി ആസിഡ് ആക്രമണത്തിന് ഇരയായ സംഭവത്തില്‍ നടപടിയുമായി ഡല്‍ഹി വനിതാ കമ്മീഷന്‍. ഇ-കൊമേഴ്സ് സൈറ്റുകളായ ആമസോണിനും ഫ്ളിപ്പ് കാര്‍ട്ടിനും കമ്മീഷന്‍ നോട്ടീസ് നല്‍കി. പ്രതികള്‍ ആസിഡ് വാങ്ങിയത് ഓണ്‍ലൈനായിട്ടാണെന്ന വിവരം പുറത്തുവന്നതോടെയാണ് നടപടി.

Read Also: വിധി ദിവസം പോക്സോക്കേസ് പ്രതി കോടതി മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു : ആശുപത്രിയിൽ

മാര്‍ക്കറ്റില്‍ നിന്നും പച്ചക്കറികള്‍ വാങ്ങുന്ന ലാഘവത്തോടെയാണ് ആസിഡ് വാങ്ങുന്നത്. ഫ്ളിപ് കാര്‍ട്ട് വഴിയായിരുന്നു പ്രതികള്‍ ആസിഡ് വാങ്ങിയത്. ആമസോണിലും ആസിഡ് ലഭ്യമാണ്. ഇത് നിയമവിരുദ്ധമാണെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാന്‍ ആമസോണിനോടും ഫ്ളിപ് കാര്‍ട്ടിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഡല്‍ഹി വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാള്‍ അറിയിച്ചു.

ഷോപ്പിംഗ് പ്ലാറ്റ്ഫോമില്‍ എന്തുകൊണ്ടാണ് ആസിഡ് ലഭ്യമാക്കുന്നതെന്നും നോട്ടീസിലൂടെ കമ്മീഷന്‍ ചോദിക്കുന്നുണ്ട്. വിതരണക്കാരന്റെ ലൈസന്‍സ് പരിശോധിച്ചതിന് ശേഷമാണോ അവരുടെ ആസിഡ് ഓണ്‍ലൈന്‍ സൈറ്റ് വഴി വില്‍ക്കുന്നതെന്നും കമ്മീഷന്‍ ആരാഞ്ഞു. ആസിഡ് വില്‍ക്കുന്നവരുടെ ലൈസന്‍സിന്റെ കോപ്പി സമര്‍പ്പിക്കാനും ഇ-കൊമേഴ്സ് സൈറ്റുകളോട് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ബുധനാഴ്ചയായിരുന്നു ഡല്‍ഹിയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ആസിഡ് ആക്രമണത്തിന് ഇരയായത്. ബൈക്കിലെത്തിയ സംഘമായിരുന്നു ആക്രമണത്തിന് പിന്നില്‍. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ 17-കാരി ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖത്തും കഴുത്തിലുമാണ് പൊള്ളലേറ്റിരിക്കുന്നത്. കേസില്‍ പ്രധാന പ്രതി ഉള്‍പ്പെടെ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button