മലപ്പുറം: മലപ്പുറം താനൂരിൽ സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ച സംഭവത്തിൽ സ്കൂൾ ബസിനെതിരെ മോട്ടോർ വാഹന വകുപ്പ് നടപടിയെടുക്കും. സംഭവത്തെ തുടര്‍ന്ന്, ഡ്രൈവറുടെ ലൈസൻസ് സസ്പെൻ്റ് ചെയ്യാനും സ്കൂൾ വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചു. ഇതോടൊപ്പം, സ്കൂൾ അധികൃതർക്കെതിരെ നടപടി സ്വീകരിക്കാൻ കളക്ടര്‍ക്ക് ശുപാർശ നൽകും. ഇന്ന് മോട്ടോർ വാഹന വകുപ്പ് സ്കൂളിൽ പരിശോധന നടത്തും.
ഇന്നലെ ഉച്ചയോടെ ആണ് സ്കൂൾ ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ വിദ്യാർത്ഥി വാഹനമിടിച്ച് മരിച്ചത്. പാണ്ടിമുറ്റം സ്വദേശി വെളിയത്ത് ഷാഫിയുടെ മകള്‍ ഷഫ്ന ഷെറിന് ആണ് മരിച്ചത്. താനൂര്‍ നന്നമ്പ്ര എസ്.എന്‍ യു.പി സ്കൂള്‍ വിദ്യാര്‍ഥിനിയാണ്.
സ്കൂൾ ബസിൽ നിന്ന് ഇറങ്ങി വാഹനത്തിന് പിന്നിലൂടെ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന ഗുഡ്സ് ഓട്ടോ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Post Your Comments