കോട്ട: സ്വകാര്യ എൻട്രൻസ് കോച്ചിങ് സെൻററുകളിൽ പഠിക്കുന്ന മൂന്ന് വിദ്യാർഥികൾ ജീവനൊടുക്കി. അങ്കുഷ്, ഉജ്വൽ, പ്രണവ് എന്നിവരാണ് ആത്മഹത്യ ചെയ്തതെന്ന് അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ കോട്ടയിൽ തിങ്കളാഴ്ചയാണ് സംഭവം. അങ്കുഷ്, ഉജ്വൽ എന്നിവർ ബിഹാർ സ്വദേശികളാണ്. മെഡിക്കൽ, എൻജിനിയറിങ് മത്സരപരീക്ഷകളുടെ പരിശീലനത്തിനാണ് ഇവർ കോച്ചിങ് സെൻററിൽ എത്തിയത്.
അടുത്തടുത്ത മുറികളിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. തിങ്കളാഴ്ച തൂങ്ങിമരിച്ച നിലയിൽ ഇവരെ കണ്ടെത്തുകയായിരുന്നു. മധ്യപ്രദേശ് സ്വദേശിയാണ് മരിച്ച പ്രണവ്. നീറ്റ് പരീക്ഷക്കായി തയാറെടുക്കുകയായിരുന്നു പ്രണവെന്നും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചതെന്നും പൊലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ല.
നേരത്തെയും കോട്ടയിൽ മത്സരപരീക്ഷക്ക് തയാറെടുക്കുന്ന വിദ്യാർഥികൾ ജീവനൊടുക്കിയിരുന്നു. കോച്ചിങ് സെൻററുകളിലെ സമയക്രമവും പരീക്ഷകളും വിദ്യാർഥികളിൽ സമ്മർദ്ദം സൃഷ്ടിച്ചതായും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമായിരുന്നു പൊലീസിന്റെ കണ്ടെത്തൽ.
Post Your Comments