KeralaLatest NewsNews

കേരള പൊലീസ് ഇന്ത്യയിലെ ഏറ്റവും മികച്ച സേന, രാഷ്ട്രീയവല്‍ക്കരണമില്ല: മുഖ്യമന്ത്രി പിണറായി വിജയന്‍

രാഷ്ട്രീയവത്കരണത്തിലൂടെ പൊലീസില്‍ ക്രിമിനലുകളുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെയാണ് അദ്ദേഹം അവകാശവാദം ഉന്നയിച്ചത്.

Read Also: സ്‌കൂള്‍ പാഠ്യപരിഷ്‌കരണ പദ്ധതിയില്‍ നിന്നും പിന്മാറി സര്‍ക്കാര്‍: മിക്സഡ് ബെഞ്ച് ആലോചനയില്‍ ഇല്ലെന്ന് വി ശിവന്‍കുട്ടി

രാഷ്ട്രീയവത്കരണത്തിലൂടെ പൊലീസില്‍ ക്രിമിനലുകളുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം മുഖ്യമന്ത്രി തള്ളി. ഇത് അടിസ്ഥാന രഹിതമാണെന്നും, ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതുള്‍പ്പെടെയുളള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും സഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തരപ്രമേയത്തിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയുടെ പൂര്‍ണരൂപം-

‘കേരളത്തിലെ ക്രമസമാധാനനില മെച്ചപ്പെട്ട നിലയിലാണെന്ന് പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ പൊലീസ് ഫൗണ്ടേഷന്‍ പൊലീസ് സേനയിലെ അഴിമതിയെക്കുറിച്ച് നടത്തിയ സര്‍വേ പ്രകാരം കേരള പൊലീസിന് സത്യസന്ധതയ്ക്കും കാര്യക്ഷമതയ്ക്കുമുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇലക്ട്രോണിക് തെളിവുകള്‍ ശേഖരിക്കുന്നതില്‍ മികവു പുലര്‍ത്തിയ സംസ്ഥാന ഫോറന്‍സിക് ലബോറട്ടറിയിലെ ഉദ്യോഗസ്ഥര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇതിനു പുറമെ നിരവധി അംഗീകാരങ്ങളും കേരളാ പൊലീസിലെ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. അതെല്ലാം ഇവിടെ പറയുന്നില്ല.

കേസ് അന്വേഷണത്തിന്റെ കാര്യത്തില്‍ പൊലീസ് വളരെ കാര്യക്ഷമമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഒരു കേസന്വേഷണത്തിലും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടെന്നോ, അന്വേഷണം കാര്യക്ഷമമല്ലന്നോ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആര്‍ക്കും പറയാന്‍ കഴിയില്ല. പൊതുശ്രദ്ധ പിടിച്ചുപറ്റിയ കേസുകളിലെല്ലാം തന്നെ പ്രതികളെ കണ്ടെത്താനും സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസിനു കഴിഞ്ഞിട്ടുണ്ട്.

അടുത്തിടെ ഉണ്ടായ ചില ഉദാഹരണങ്ങളായി പറയാന്‍ കഴിയുന്നത്, പത്തനംതിട്ട ഉത്ര വധക്കേസ്, തിരുവനന്തപുരം പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസ്, പത്തനംതിട്ട ഇലന്തൂരിലെ നരബലി സംഭവം എന്നിവയാണ്. ഇതില്‍ ആദ്യത്തെ കേസില്‍ സമയബന്ധിതമായി കേസന്വേഷണം നടത്തി പ്രതി ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്. കേസന്വേഷണം ഫലപ്രദമായും ശാസ്ത്രീയമായും നടത്താനുള്ള എല്ലാ നടപടികളും പൊലീസ് സ്വീകരിക്കുന്നുണ്ട്. സൈബര്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ സൈബര്‍ കേസുകള്‍ അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സ്റ്റേഷനുകള്‍ എല്ലാ ജില്ലയിലും ആരംഭിച്ചിട്ടുണ്ട്. അതോടൊപ്പം, സാമ്പത്തിക കുറ്റാന്വേഷണത്തിന് പ്രത്യേക വിഭാഗം രൂപീകരിച്ചു.

പൊലീസ് സേനയിലേക്ക് ആദ്യമായി വനിതാ സബ് ഇന്‍സ്പെക്ടര്‍മാരുടെ നേരിട്ടുള്ള നിയമനം നടത്തിയതും ഇക്കാലയളവിലാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയുന്നതിനും അവരുടെ സുരക്ഷ ഉറപ്പുവരുത്തുവാനുമുള്ള പ്രത്യേക വിഭാഗവും സജ്ജമാക്കിയിട്ടുണ്ട്.

പൊലീസ് സേനയില്‍ രാഷ്ട്രീയവല്‍ക്കരണം ഉണ്ട് എന്ന ആരോപണം അടിസ്ഥാനരഹിതമാണ്. സംസ്ഥാനത്ത് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളായി 2016 മുതല്‍ 828 ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസുദ്യോഗസ്ഥര്‍ക്കെതിരെ ആരോപണമുണ്ടാകുന്ന എല്ലാ സംഭവങ്ങളിലും അന്വേഷണം നടത്തുകയും കഴമ്പുണ്ടെന്ന് കാണുന്ന ആരോപണങ്ങള്‍ക്കെല്ലാം തന്നെ ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത് പ്രതികള്‍ക്കെതിരെ ശക്തമായ നിയമനടപടികളാണ് സ്വീകരിച്ച് വരുന്നത്.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതുള്‍പ്പെടെയുളള ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്. ഇത്തരത്തില്‍ 2017 ല്‍ ഒന്നും, 2018 ല്‍ രണ്ടും 2019 ല്‍ ഒന്നും, 2020 ല്‍ രണ്ടും ഉള്‍പ്പെടെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട വിവിധ റാങ്കുകളിലുളള 8 പൊലീസുദ്യോഗസ്ഥരെ സര്‍വീസില്‍ നിന്നും പിരിച്ച് വിട്ടിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 2 പൊലീസുദ്യോഗസ്ഥരെ 2022 ലും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ട മറ്റ് 2 പൊലീസുദ്യോഗസ്ഥരെയും സര്‍വീസില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്.

പ്രമേയത്തില്‍ ചൂണ്ടിക്കാണിച്ച പ്രത്യേക സംഭവങ്ങളില്‍ ഒന്നില്‍പ്പോലും നടപടിയെടുക്കാതിരുന്നിട്ടില്ല. എല്ലാറ്റിലും തന്നെ ഉന്നത ഉദ്യോഗസ്ഥരെ അന്വേഷണ ചുമതല ഏല്‍പ്പിച്ചുകൊണ്ട് തക്കതായ നടപടികള്‍ സമയബന്ധിതമായി സ്വീകരിച്ചിട്ടുണ്ട്.

പ്രമേയാവതാരകന്‍ പറയുന്നത് 828 പോലീസ് സേനാംഗങ്ങളുടെ പേരില്‍ ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ്. 55,000 അംഗങ്ങളുള്ള പൊലീസ് സേനയില്‍ ഇത് 1.56 ശതമാനമാണ്. 98.44 ശതമാനം സേനാംഗങ്ങള്‍ ഇത്തരം

കുറ്റകൃത്യങ്ങളില്‍പ്പെടാത്തവരാണെന്നതാണ് ഇതില്‍നിന്നും ഉരുത്തിരിയുന്ന വസ്തുത. അടുത്തകാലത്ത് വിഴിഞ്ഞത്തെ പ്രതിഷേധ സമരങ്ങളുടെ സാഹചര്യത്തില്‍ സംസ്ഥാന പൊലീസ് പാലിച്ച സംയമനം മാതൃകാപരമാണെന്ന് അംഗികരിക്കാതിരിക്കാന്‍ ആര്‍ക്കും കഴിയില്ല.

സംസ്ഥാനം നേരിട്ട 2018 ലെ മഹാപ്രളയത്തിന്റെയും, കൊവിഡ് മഹാമാരിയുടെയും ഘട്ടത്തില്‍ ജനങ്ങള്‍ക്കൊപ്പം നിന്ന സ്തുത്യര്‍ഹമായ സേവനം നിര്‍വ്വഹിച്ച പൊലീസ് സേനയെ ഇത്തരത്തില്‍ താറടിച്ചു കാണിക്കാനുള്ള ശ്രമം പൊതുസമൂഹം അംഗീകരിക്കില്ലായെന്ന് ഓര്‍മ്മിക്കേണ്ടതാണ്’.

shortlink

Related Articles

Post Your Comments

Related Articles


Back to top button