KeralaLatest NewsNews

മരക്കൂട്ടത്ത് തിരക്കിൽ പെട്ട് തീർത്ഥാടകർക്ക് അപകടം പറ്റിയ സംഭവം: സ്പെഷ്യൽ കമ്മീഷണറോട് റിപ്പോർട്ട്‌ തേടി ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ തീർത്ഥാടകരുടെ എണ്ണം കൂടിയ സാഹചര്യത്തിൽ ദർശന സമയം കൂട്ടാൻ ആകുമോ എന്ന് ഹൈക്കോടതി. ഒരു മണിക്കൂർ കൂട്ടുന്നത് പരിഗണിക്കാൻ ദേവസ്വം ബോർഡിന് കോടതി നിർദേശം നല്‍കി. ഇക്കാര്യത്തിൽ  തന്ത്രിയുമായ ആലോചിച്ച് ഉടൻ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് കോടതി അറിയിച്ചു. നിലവിൽ 18 മണിക്കൂറാണ് ദർശന സമയം. മരക്കൂട്ടത്ത് ഇന്നലെ തിക്കിലും തിരക്കിലും പെട്ട്  പോലീസുകാർക്കും തീർത്ഥാടകർക്കും പരിക്കേറ്റ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ഹൈക്കോടതിയിൽ സ്പെഷ്യൽ സിറ്റിംഗ്.

അപകടത്തേക്കുറിച്ച് ദേവസ്വം സ്പെഷ്യൽ കമ്മീഷണറോട് കോടതി റിപ്പോർട്ട് തേടി. നിലവിൽ ഒരു ലക്ഷത്തിലധികം തീർത്ഥാടകർ സന്നിധാനത്ത് എത്തുന്നുണ്ടെന്നും  തിരക്ക് നിയന്ത്രിക്കാൻ പരമാവധി ഇടപെടൽ നടത്തുന്നുണ്ടെന്നും ജില്ലാ കളക്ടർ ദിവ്യ എസ് അയ്യർ കോടതിയെ അറിയിച്ചു. മരക്കൂട്ടം മുതൽ ക്യൂ നിൽക്കുന്ന തീർത്ഥാടകർക്ക് വെള്ളവും ബിസ്ക്കറ്റും ഉറപ്പാക്കുന്നുണ്ടെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഒരു തീർത്ഥാടകനും ദർശനം കിട്ടാതെ മടങ്ങേണ്ട സാഹചര്യം ഉണ്ടാക്കരുതെന്ന് ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടു.

ഒരു മണിക്കൂറിൽ പരമാവധി 4800 തീർത്ഥാടകർക്ക് പതിനെട്ടാം പടി കയറാൻ കഴിയുമെന്ന് ബോർഡ് വ്യക്തമാക്കി. മരക്കൂട്ടം മുതൽ സന്നിധാനം വരെ തിരക്ക് നിയന്ത്രിക്കാൻ നടപടി എടുക്കാൻ കളക്ടർക്ക് കോടതി നിർദ്ദേശം നൽകി. നിലയ്ക്കൽ മുതൽ ളാഹ വരെ പോലീസ് പട്രോളിങ് ഉണ്ടാകണം.

നിലയ്ക്കലിലെ പാർക്കിങ് പരിധി കഴിഞ്ഞാൽ ട്രാഫിക് കർശനമായി നിയന്ത്രിക്കണം. ഇക്കാര്യത്തിൽ കോൺട്രാക്റ്റർക്ക് കർശന നിർദ്ദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button