പത്തനംതിട്ട: ശബരിമലയിൽ തിങ്കളാഴ്ച്ച ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത് 1,07,260 പേർ. ഈ സീസണിലെ ഏറ്റവും ഉയർന്ന ബുക്കിംഗാണിത്. ഇത് രണ്ടാം തവണയാണ് ഈ സീസണിൽ ഒരു ലക്ഷത്തിന് മുകളിൽ ബുക്കിംഗ് വരുന്നത്. ശബരിമല തീർത്ഥാടകരുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ തിരക്ക് നിയന്ത്രിക്കാൻ പോലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഭക്തരെ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് നിയന്ത്രണവിധേയമായി സെഗ്മെന്റുകളായി തിരിച്ച് ഘട്ടം ഘട്ടമായേ കടത്തി വിടുകയുള്ളൂ. ഇതിനായി ഒരോ പോയിന്റുകളിലും കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്‌പെഷ്യൽ ഓഫീസർ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഭക്തർ തിരക്കിൽപ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമായാണ് സെഗ്മന്റുകളായി തിരിക്കുന്നത്. ക്യൂവിൽ നിൽക്കുന്ന ഭക്തർക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പോലീസിന് പുറമെ ആർ.എഫ്, എൻഡിആർഎഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാൻ ഉപയോഗിക്കും.
ഡിസംബർ 13 ന് 77,216 പേരും, 14 ന് 64,617 പേരുമാണ് ശബരിമല ദർശനത്തിനായി ഓൺലൈനിൽ ഇതുവരെ ബുക്ക് ചെയ്തിരിക്കുന്നത്.
Post Your Comments