രാജ്യത്ത് ഗോതമ്പ് കൃഷിയിൽ വൻ മുന്നേറ്റം. കണക്കുകൾ പ്രകാരം, ഡിസംബർ 9 ന് അവസാനിച്ച ആഴ്ചയിൽ ഗോതമ്പ് കൃഷിയുടെ വിസ്തൃതി 25 ശതമാനത്തോളമാണ് ഉയർന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണികൾ ഗോതമ്പിന് അനുകൂലമായതോടെ നിരവധി കർഷകരാണ് ഗോതമ്പ് കൃഷിയിലേക്ക് ഇറങ്ങിയിരിക്കുന്നത്.
കൃഷി മന്ത്രാലയം പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 25.57 ദശലക്ഷം ഹെക്ടറിലാണ് ഇത്തവണ ഗോതമ്പ് കൃഷി ചെയ്തിരിക്കുന്നത്. മുൻ വർഷം വർഷം ഇതേ കാലയളവിൽ 20.39 ദശലക്ഷം ഹെക്ടറിലായിരുന്നു ഗോതമ്പ് വിതച്ചത്. ഗോതമ്പിന് മെച്ചപ്പെട്ട ആദായം പ്രതീക്ഷിച്ച് കൂടുതൽ കർഷകർ വിളവ് ഇറക്കിയതാണ് ഗോതമ്പ് കൃഷിയിൽ വർദ്ധനവ് ഉണ്ടാകാനുള്ള പ്രധാന കാരണം. അതേസമയം, ഉത്തരേന്ത്യയിൽ നിലനിൽക്കുന്ന പ്രതികൂല കാലാവസ്ഥ കർഷകരെ നേരിയ തോതിൽ അസ്വസ്ഥമാക്കുന്നുണ്ട്.
സാധാരണയായി ഡിസംബറിൽ ഗോതമ്പ് വിളയ്ക്ക് തണുത്ത കാലാവസ്ഥയും മൂടൽമഞ്ഞും അനിവാര്യമാണ്. എന്നാൽ, ഈ വർഷം ഡിസംബറിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ സമയത്തും ചൂടാണ് ഉള്ളത്. ഇത് ഗോതമ്പിന്റെ ഉൽപ്പാദനത്തെ ബാധിക്കാൻ സാധ്യതയുണ്ടെന്നാണ് കർഷകരുടെ വിലയിരുത്തൽ.
Post Your Comments