Latest NewsKeralaNews

കാലാവസ്ഥാ വ്യതിയാനം നേരിടാൻ കർമ പദ്ധതി പുതുക്കി കേരളം

തിരുവനന്തപുരം: കാലാവസ്ഥാ മാറ്റമുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ നേരിടാനുള്ള പുതുക്കിയ കർമ പദ്ധതി കേരളം പ്രഖ്യാപിച്ചു. കേരള സ്റ്റേറ്റ് ആക്ഷൻ പ്ലാൻ ഓൺ ക്ലൈമറ്റ് ചേഞ്ച് 2023 – 2030 എന്ന പേരിൽ പുതുക്കിയ ആക്ഷൻ പ്ലാനിൽ കാലാവസ്ഥാ മാറ്റത്തെ ചെറുക്കാൻ വരുന്ന ഏഴു വർഷം സംസ്ഥാനത്തു നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും പ്രത്യേക ശ്രദ്ധ നൽകേണ്ട മേഖലകളെക്കുറിച്ചും കൃത്യമായി പ്രതിപാദിക്കുന്നു. കാലാവസ്ഥാ മാറ്റവും വികസനവും എന്ന വിഷയത്തിൽ തിരുവനന്തപുരത്തു സംഘടിപ്പിച്ച പാർട്ണേഴ്സ് മീറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് കർമപദ്ധതി പ്രകാശനം ചെയ്തത്.

കൃഷി, കന്നുകാലിവളർത്തൽ, മത്സ്യബന്ധനം, വനവും ജൈവ ആവാസവ്യവസ്ഥയും, ആരോഗ്യം, ജലവിഭവം എന്നീ മേഖലകൾക്കു പ്രത്യേക പരിഗണന നൽകിയാകും കർമ പദ്ധതി നടപ്പാക്കുക. കാലാവസ്ഥാ വ്യതിയാനംമൂലമുണ്ടാകുന്ന അപകട സാധ്യതാ പ്രദേശങ്ങൾ കണ്ടെത്തുകയും അതിന് അനുസൃതമായ നടപടികൾ നടപ്പാക്കുകയും ചെയ്യും. വയനാട്, കോഴിക്കോട്, കാസർകോഡ്, പാലക്കാട്, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, മലപ്പുറം, കൊല്ലം ജില്ലകളെയാണു ദുർബല മേഖലാ ജില്ലകളായി കണ്ടെത്തിയിരിക്കുന്നത്. തിരുവനന്തപുരം, കോട്ടയം ജില്ലകൾ ഇടത്തരം ദുർബല ജില്ലകളും തൃശൂർ, എറണാകുളം, പത്തനംതിട്ട കുറഞ്ഞ ദുർബല മേഖലകളുമായാണു തരംതിരിച്ചിരിക്കുന്നത്. ചെറുപ്പക്കാർ, പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങിയവരടങ്ങുന്ന വലിയൊരു വിഭാഗം ജനങ്ങൾ ഈ ജില്ലകളിലുണ്ട്. ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയും ഭൂഗർഭ, ഉപരിതല ജലത്തിന്റെ ഗുണനിലവാരക്കുറവും കർമ്മപദ്ധതിയിൽ വിശദമാക്കുന്നു. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

കാലാവസ്ഥയിലുണ്ടാകുന്ന വലിയ മാറ്റത്തിനു കാരണമായ കാർബൺ ബഹിർഗമനം കുറയ്ക്കുകയെന്നതിനാണു കർമപദ്ധതിയിൽ മുൻതൂക്കം നൽകുന്നത്. ഒപ്പം കാലാവസ്ഥാ മാറ്റംമൂലമുണ്ടാകുന്ന ദുരന്തസാധ്യതകൾ ഇല്ലാതാക്കുന്ന പ്രവർത്തനങ്ങൾക്കും പ്രാധാന്യം നൽകും. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കുകയോ വിവിധ മാർഗങ്ങളിലൂടെ കാർബൺ വേർതിരിക്കൽ പ്രവർത്തനം വർധിപ്പിക്കുകയോ ചെയ്യുന്നതുവഴി കാലാവസ്ഥാ വ്യതിയാന ലഘൂകരണ പ്രവർത്തനങ്ങൾ നടപ്പാക്കാമെന്നു കർമ പദ്ധതി പറയുന്നു. രാജ്യത്ത് ഹരിത ഗൃഹ വാതക ബഹിർഗമനം ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിൽ അഞ്ചാമത്തേതാണു കേരളം. വിപുലമായ വനമേഖലയും ഊർജ സംരക്ഷണ മേഖലയിലും ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിലും നടത്തുന്ന പ്രവർത്തനങ്ങളുമാണ് ഈ നേട്ടത്തിനു പിന്നിൽ. വൈദ്യുതോത്പാദനം, ഗതാഗതം, വ്യവസായം, ഊർജം ഉപയോഗിച്ചുള്ള കൃഷിരീതികൾ, കെട്ടിടങ്ങൾ എന്നിവയിൽനിന്നാണു സംസ്ഥാനത്ത് കാർബൺ ബഹിർഗമനം കൂടുതലായുണ്ടാകുന്നത്. ഇതു കഴിഞ്ഞ രണ്ടു ദശാബ്ദമായി ക്രമാനുഗതമായി വർധിക്കുകയാണ്. ഇതിന്റെ പകുതിയിൽ അധികവും ഗതാഗത മേഖലയിൽനിന്നാണ്. കെട്ടിടങ്ങൾ ഉണ്ടാക്കുന്ന കാർബൺ ബഹിർഗമനമാണു രണ്ടാമത്തേത്.

2030ഓടെ വിവിധ മേഖലകളിൽനിന്നായി കാർബൺ ബഹിർഗമനത്തിൽ 57000kt കാർബൺ ഡയോക്സൈഡ് ബഹിർഗമനം കുറയ്ക്കാനാകും വിധമാണു കർമപദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായുള്ള വിവിധ നടപടികളുടേയും പദ്ധതികളുടേയും ഭാഗമായി 52,238 കോടി രൂപയുടെ പ്രവർത്തനം നടത്തും. പുനരുപയോഗയോഗ്യമായ വൈദ്യുതി പദ്ധതികൾ സ്ഥാപിക്കൽ, വ്യവസായ മേഖലയിൽ ഊർജ കാര്യക്ഷമത മെച്ചപ്പെടുത്തൽ, ട്രാൻസ്മിഷൻ – ഡിസ്ട്രിബ്യൂഷൻ സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ, ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയ്ക്കായിട്ടാകും ഈ പദ്ധതി നടപ്പാക്കുന്നത്.

പുനരുപയോഗ ഊർജസ്ഥാപിത ശേഷി 3.46 ജിഗാവാട്ടായി വർധിപ്പിക്കും, വീടുകളിലെ ഊർജ കാര്യക്ഷമത 53 ശതമാനമാക്കുക, പൊതുഗതാഗത മേഖലയിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുക, സോളാർ അധിഷ്ഠിത ഊർജ സ്രോതസുകൾ വർധിപ്പിക്കുക തുടങ്ങിവയാണ് ഇതിനായി നടപ്പാക്കേണ്ടത്. ഭൂവിനിയോഗ ആസൂത്രണം, സുസ്ഥിര തീരസംരക്ഷണം, ദുർബല സമൂഹങ്ങളുടെ പുനരധിവാസം, വെള്ളപ്പൊക്ക നിവാരണത്തിനുള്ള സുസ്ഥിര ഡ്രെയിനേജ് സംവിധാനങ്ങൾ ഒരുക്കൽ, സംയോജിത തീരപരിപാലനം, കാലാവസ്ഥാ വ്യതിയാന നിരീക്ഷണ സംവിധാനം, കാലാവസ്ഥാ ബോധവത്കരണം, കാലാവസ്ഥാ വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലും സുപ്രധാന ഇടപെടലുകൾ കർമപദ്ധതി വിഭാവനം ചെയ്യുന്നുണ്ട്. സംസ്ഥാന എൻവയോൺമെന്റ് ആൻഡ് ക്ലൈമറ്റ് ചേഞ്ച് ഡയറക്ടറേറ്റാണ് കർമ പദ്ധതി തയാറാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button