ചെന്നൈ: തമിഴ്നാട്ടില്‍ മാന്‍ദൗസ് ചുഴലക്കാറ്റ് ആഞ്ഞടിച്ചു. ചെന്നൈ നഗരത്തില്‍ വലിയ നാശനഷ്ടമാണ് ചുഴലിക്കാറ്റ് ഉണ്ടാക്കിയത്. ഇന്നലെ രാത്രി മുതല്‍ നഗരത്തില്‍ ശക്തമായ കാറ്റും മഴയും അനുഭവപ്പെടുന്നുണ്ട്. വെള്ളിയാഴ്ച അര്‍ദ്ധ രാത്രിയോടെയാണ് മാന്‍ദൗസ് ചുഴലിക്കാറ്റ് തീരം തൊട്ടത്. മെറീന ബീച്ചില്‍ ദിവ്യാംഗര്‍ക്കായി സ്ഥാപിച്ചിരുന്ന റാംപ് കാറ്റില്‍ തകര്‍ന്നു.
കഴിഞ്ഞ മാസം 27 നായിരുന്നു റാംപിന്റെ ഉദ്ഘാടനം. ഇതിന് പുറമേ നഗരത്തില്‍ പലഭാഗങ്ങളിലെയും റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. ഇതോടെ വലിയ ഗതാഗത തടസ്സമാണ് അനുഭവപ്പെടുന്നത്. നഗരത്തില്‍ മാത്രം 35 ഓളം മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ കടപുഴകി വീണതിനെ തുടര്‍ന്ന് നഗരത്തിന്റെ പലഭാഗങ്ങളിലും വൈദ്യുതി തടസ്സം ഉണ്ടായി. ചുഴലിക്കാറ്റിന്റെ ശക്തി കുറയുന്നതുവരെ ആളുകളോട് അനാവശ്യമായി പുറത്ത് ഇറങ്ങരുത് എന്നാണ് ഗ്രേറ്റര്‍ ചെന്നൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.
ടി നഗറില്‍ നിര്‍ത്തിയിട്ട കാറുകള്‍ക്ക് മുകളിലേക്ക് മതില്‍ ഇടിഞ്ഞു വീണു. മൂന്ന് കാറുകളാണ് തകര്‍ന്നത്. സംഭവ സമയം കാറുകള്‍ക്കുള്ളില്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ വന്‍ ദുരന്തം ഒഴിവായി. സംസ്ഥാനത്ത് ഒട്ടാകെ 600 സ്ഥലങ്ങളിലെ വൈദ്യുതി ബന്ധമാണ് വിച്ഛേദിക്കപ്പെട്ടിട്ടുള്ളത്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി 200 ഓളം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. 9000 പേര്‍ക്ക് ഭക്ഷണവും അവശ്യവസ്തുക്കളും നല്‍കി. സംസ്ഥാനത്തെ സാഹചര്യങ്ങള്‍ അധികൃതര്‍ നിരന്തരമായി നിരീക്ഷിച്ചുവരികയാണ്. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടാന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകളും പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴ ലഭിക്കുന്നതിനാല്‍ തമിഴ്നാട്ടിലെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചെങ്കല്‍പ്പേട്ട്, വില്ലുപുരം, കാഞ്ചീപുരം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തമിഴ്നാടിന് പുറമേ ആന്ധ്രാപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും ശക്തമായ മഴ തുടരുകയാണ്.
Post Your Comments