റിയാദ്: സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരിപ്പിച്ച് സൗദി അറേബ്യ. 1130 ബില്യൺ റിയാലാണ് മൊത്തം വരുമാനം. 1114 ബില്യൺ റിയാലാണ് ചെലവ്. നടപ്പ് വർഷം 102 ബില്യൺ റിയാൽ സൗദി അറേബ്യ ബജറ്റ് മിച്ചം നേടി. 2013 ന് ശേഷം ആദ്യമായാണു സൗദി അറേബ്യ ബജറ്റ് മിച്ചം നേടുന്നത്.
അടുത്ത കൊല്ലം മിച്ചം 16 ബില്യൺ റിയാലുമാകുമെന്നാണ് ധനമന്ത്രാലയം പ്രതീക്ഷിക്കുന്നത്. മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 2.6 ശതമാനത്തിന് തുല്യമാണ് ബജറ്റ് മിച്ചം. ഈ വർഷാവസാനത്തോടെ പൊതുകടം മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ 24.9 ശതമാനമായി കുറയും. വർഷാവസാനത്തോടെ പൊതുകടം 985 ബില്യൺ റിയാലാകും. ഈ വർഷം പൊതുവരുമാനം 1,234 ബില്യൺ റിയാലും ധനവിനിയോഗം 1,132 ബില്യൺ റിയാലും മിച്ചം 102 ബില്യൺ റിയാലുമാണ്.
2015 ൽ ആയിരുന്നു സൗദിയിൽ ഏറ്റവും ഉയർന്ന കമ്മി രേഖപ്പെടുത്തിയത്. 367 ബില്യൺ റിയാലായിരുന്നു 2015ലെ കമ്മി. 2016 ൽ കമ്മി 300 ബില്യൺ റിയാലായി. തുടർന്നുള്ള വർഷങ്ങളിൽ കമ്മി ക്രമാനുഗതമായി കുറയാൻ തുടങ്ങി. എന്നാൽ, കോവിഡ് വ്യാപനത്തെ തുടർന്ന് 2020 ൽ ബജറ്റ് കമ്മി വലിയ തോതിൽ ഉയരാൻ ഇടയാക്കി. കഴിഞ്ഞ വർഷം കമ്മി വീണ്ടും കുറഞ്ഞുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.
Post Your Comments