മഞ്ചേരി: സഹോദരനൊപ്പം യാത്ര ചെയ്യവെ ബൈക്കപകടത്തിൽപ്പെട്ട് പരിക്കേറ്റു ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. മഞ്ചേരി മുള്ളമ്പാറ ഗ്യാസ് ഗോഡൗണിനു സമീപം അയ്യപ്പുറത്ത് കൂളിയോടൻ ഫിറോസിന്റെ മകൻ മുഹമ്മദ് അമാൻ (12) ആണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്കുശേഷം മൂന്നിനു മഞ്ചേരി മുള്ളമ്പാറ പാട്ടങ്ങാടിയിലായിരുന്നു അപകടം. മൂത്ത സഹോദരൻ ഓടിച്ച ബൈക്കിന് പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്നു മുഹമ്മദ് അമാൻ. ഈ ബൈക്കിനു കുറുകെ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചു വീണ കുട്ടിക്ക് ഗുരുതര പരിക്കേറ്റു. ഉടൻ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ മരിക്കുകയായിരുന്നു.
മഞ്ചേരി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. ഹസ്നയാണ് മുഹമ്മദ് അമാന്റെ മാതാവ്. സഹോദരങ്ങൾ : ഷിഫിൻ, നിഫിൻ, ഹുദ. പൊലീസ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനും ശേഷം മൃതദേഹം ഇന്ന് കബറടക്കും.
Post Your Comments