ജയ്പുര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വ്യാജ വാർത്ത ട്വീറ്റ് ചെയ്ത തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും ദേശീയ വക്താവുമായ സാകേത് ഗോഖലെയെ ഗുജറാത്ത് പോലീസ് രാജസ്ഥാനില്‍ നിന്ന് തിങ്കളാഴ്ച രാത്രി കസ്റ്റഡിയിലെടുത്തു.സാകേത് ഗോഖലെക്കെതിരെയുള്ള പോലീസ് നടപടിയെ കുറിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് ട്വീറ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ഗുജറാത്ത് പോലീസ് ഉദ്യോഗസ്ഥന് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ മോര്‍ബി സന്ദര്‍ശനം, പ്രദേശത്തെ പാലം തകര്‍ന്ന് 130 ലേറെ പേര് മരിക്കാനിടയായ സംഭവം എന്നിവയെ പരാമര്‍ശിച്ചായിരുന്നു ഗോഖലെയുടെ വ്യാജ ട്വീറ്റ്.പ്രധാനമന്ത്രിയുടെ മണിക്കൂറുകള്‍ മാത്രം നീണ്ട മോര്‍ബി സന്ദര്‍ശനത്തിന് 30 കോടി രൂപ ചെലവായെന്നുള്ള പ്രാദേശിക പത്രവാര്‍ത്തയുടെ വ്യാജമായ ഫോട്ടോ ഉള്‍പ്പെടെയായിരുന്നു ഗോഖലെയുടെ ട്വീറ്റ്.
ഡിസംബര്‍ ഒന്നിനായിരുന്നു ഗോഖലെ ട്വീറ്റ് ചെയ്തത്. വ്യക്തിഗത വിവരാവകാശ അപേക്ഷയിലൂടെയാണ് പ്രധാനമന്ത്രിയുടെ സന്ദര്ശനച്ചെലവിന്റെ കണക്ക് ലഭിച്ചതെന്നും മാധ്യമവാര്‍ത്തയില്‍ പറഞ്ഞിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് കണ്ടെത്തി.
മുപ്പത് കോടിയില്‍ 5.5 കോടി രൂപ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യാനും പരിപാടി നടത്തിപ്പിനും ഫോട്ടോ എടുക്കുന്നതിനും ചെലവായതായും പാലം തകര്‍ന്നുവീണ് ജീവന് നഷ്ടമായ 135 പേരുടെ കുടുംബങ്ങള്‍ക്ക് ധനസഹായമായി നാല് ലക്ഷം രൂപ വീതം ആകെ അഞ്ച് കോടി രൂപ ചെലവായെന്നും ഗോഖലെ ആരോപിച്ചിരുന്നു. വസ്തുതാ വിരുദ്ധമായ ഈ ട്വീറ്റിനെതിരെയാണ് പരാതിയെ തുടർന്ന് പോലീസ് കേസെടുത്തതും അറസ്റ്റ് ചെയ്തതും.
Post Your Comments