
തിരുവനന്തപുരം: ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നുള്ള മനോവിഷമത്തില്‍ കഴിഞ്ഞ യുവതി ആത്മഹത്യ ചെയ്‌തു. ഒന്നരവയസുള്ള മകനെ അതീവ ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയിയില്‍ പ്രവേശിപ്പിച്ചു. ശാസ്തമംഗലം കൊച്ചാര്‍ റോഡില്‍ കെ.പി 119 (എ), വസന്തശ്രീയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന നന്ദനയെയാണ് (21) ഇന്നലെ വൈകിട്ട് നാലോടെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നന്ദനയുടെ മകന്‍ റയാനാണ് ചികിത്സയിലുള്ളത്.
കൊച്ചാര്‍ റോഡ് സ്വദേശികളായ ഓട്ടോ ഡ്രൈവര്‍ മണികണ്ഠന്റെയും കനറാ ബാങ്ക് ഉള്ളൂര്‍ ശാഖയിലെ ക്ലര്‍ക്ക് വിദ്യയുടെയും മകളാണ് നന്ദന. ഭര്‍ത്താവ് അനീഷ് കഴിഞ്ഞ സെപ്തംബറില്‍ ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു നന്ദനയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ 11ന് അമ്മയുമായി നന്ദന സംസാരിച്ചിരുന്നു. ഇതിനുശേഷമാകാം ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞു. ഉച്ചയ്ക്ക് രണ്ടോടെ മണികണ്ഠന്‍ വീട്ടിലെത്തിയെങ്കിലും വീട് പുറത്തുനിന്നു പൂട്ടിയിരിക്കുന്നതിനാല്‍ തിരിച്ചുപോയി.
നന്ദനയുടെ സഹോദരി ശാരിക വൈകിട്ട് നാലോടെ വീട്ടിലെത്തിയപ്പോഴും വീടു പൂട്ടിയിട്ടിരിക്കുകയായിരുന്നു. സംശയം തോന്നിയ അയല്‍ക്കാരും ബന്ധുക്കളും ബാല്‍ക്കണിയിലെ വാതിലിലൂടെ അകത്തുകടന്നപ്പോഴാണ് മരണവിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചു. കുഞ്ഞിന് ജീവന്റെ തുടിപ്പുണ്ടായിരുന്നതിനാല്‍ ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Post Your Comments