ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ മൗണ്ട് സെമെരു അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്ന് ഉണ്ടായ പുകപടലങ്ങള്‍ മൈലുകളോളം ഉയര്‍ന്നു പൊങ്ങി. അഗ്നിപര്‍വത മുഖത്ത് നിന്നും വലിയ തോതില്‍ ലാവാ പ്രവാഹം ഉണ്ടാകുന്നതായി അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.
Read Also:സാമൂഹ്യ മാധ്യമങ്ങളിൽ ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുത്: മുന്നറിയിപ്പുമായി ഒമാൻ പോലീസ്
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിലെ ഏറ്റവും ഉയരം കൂടിയ പര്‍വതമാണ് മൗണ്ട് സെമെരു. കഴിഞ്ഞ വര്‍ഷം ഇതേ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് 51 പേര് കൊല്ലപ്പെടുകയും അയ്യായിരം വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തിരുന്നു. പതിനായിരത്തോളം പേരാണ് അന്ന് അഭയാര്‍ത്ഥികളായത്. ഈ അനുഭവം മുന്‍നിര്‍ത്തി പ്രദേശത്ത് നിന്നും ജനങ്ങളെ അധികൃതര്‍ മാറ്റി പാര്‍പ്പിക്കുകയാണ്. നിലവില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അഗ്നിപര്‍വത പ്രദേശത്തിന്റെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. ജാവയില്‍ നിലവില്‍ മഴക്കാലമാണ്. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ചാരവും മഴവെള്ളവും കൂടിക്കലര്‍ന്ന് ഒഴുകുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പുണ്ട്. അഗ്നിപര്‍വത സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ജപ്പാനിലെ ഒകിനാവയില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്കും ഭൂകമ്പങ്ങള്‍ക്കും പേരുകേട്ട രാജ്യമാണ് ഇന്തോനേഷ്യ. നൂറ്റി മുപ്പതോളം സജീവ അഗ്നിപര്‍വതങ്ങളാണ് ഇവിടെയുള്ളത്. 2018ല്‍ ജാവക്കും സുമാത്രക്കും ഇടയിലുള്ള കടലിടുക്കില്‍ ഉണ്ടായ അഗ്നിപര്‍വത സ്ഫോടനത്തെ തുടര്‍ന്നുണ്ടായ ഉരുള്‍ പൊട്ടലിലും സുനാമിയിലും പെട്ട് നാനൂറിലധികം പേര് കൊല്ലപ്പെട്ടിരുന്നു.
Post Your Comments