ചെന്നൈ: മറ്റൊരു മതത്തിലേക്ക് പരിവർത്തനം ചെയ്ത ഒരാൾക്ക് മതപരിവർത്തനത്തിന് മുമ്പുണ്ടായിരുന്ന സമുദായത്തിന്റെ ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഹിന്ദുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് മതം മാറിയ ദളിത് യുവാവ്, ജനിച്ച സമുദായത്തിന്റെ അടിസ്ഥാനത്തിൽ സംവരണ ആനുകൂല്യം ആവശ്യപ്പെട്ട് നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്.
മറ്റൊരു മതത്തിലേക്ക് മാറിയ ഒരാൾക്ക് സാമുദായിക സംവരണത്തിന്റെ ആനുകൂല്യം നൽകാനാകുമോ എന്നത് സുപ്രീം കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നും അതിനാൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ഹൈക്കോടതിയല്ലെന്നും ജസ്റ്റിസ് ജി.ആർ സ്വാമിനാഥന് നിരീക്ഷിച്ചു.
ഏതെങ്കിലും ജാതിയിലോ ഉപജാതിയിലോ പെട്ടവർ ഇസ്ലാം മതം സ്വീകരിച്ചാൽ അയാളുടെ ജാതി ഇല്ലാതാകുമെന്ന് മദ്രാസ് ഹൈക്കോടതിയുടെ മുമ്പത്തെ നിരീക്ഷണവും കോടതി പരിശോധിച്ചു. മതപരിവർത്തനത്തിന് ശേഷം മുസ്ലീം മതത്തിൽ സ്ഥാനം നിർണ്ണയിക്കുന്നത് മതം മാറുന്നതിന് മുമ്പ് ഏത് ജാതിയിൽ ആയിരുന്നു എന്നതിനെ അടിസ്ഥാനമാക്കിയല്ലെന്ന സുപ്രീംകോടതിയുടെ നിരീക്ഷണവും ജസ്റ്റിസ് ഉദ്ധരിച്ചു. ഒരു വ്യക്തി തന്റെ മതത്തിലേക്ക് തിരികെ മടങ്ങിയെത്തിയാൽ, ജാതി സ്വത്വവും തിരികെ വരുമെന്നും അയാൾക്ക് അത് ഉപയോഗിക്കാമെന്നും ഹൈക്കോടതി വിധിയിൽ പറഞ്ഞു.
ഹർജിക്കാരൻ 2008ൽ കുടുംബത്തോടൊപ്പം ഇസ്ലാം മതം സ്വീകരിച്ചിരുന്നു. പേരുമാറ്റി ഗസറ്റിൽ പ്രസിദ്ധീകരിച്ചിരുന്നില്ല. 2018 ൽ, ഇയാൾ തമിഴ്നാട് കമ്പൈൻഡ് സിവിൽ സർവീസസ് പരീക്ഷ എഴുതിയെങ്കിലും മെറിറ്റ് ലിസ്റ്റിൽ ഇടം നേടാനായില്ല. ടി.എൻ പബ്ലിക് സർവീസ് കമ്മീഷൻ ‘ജനറൽ’ വിഭാഗത്തിലാണ് അദ്ദേഹത്തെ പരിഗണിച്ചത്. ഇതിന് പിന്നാലെയാണ് യുവാവ് ഹൈക്കോടതിയിലെത്തിയത്.
Post Your Comments