തിരുവനന്തപുരം: കെ റെയില്‍ മുടങ്ങിയെന്ന പ്രചാരണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗം. തിരുവനന്തപുരത്തെ അയ്യങ്കാളി ഹാളില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ റെയില്‍ മുടങ്ങിയെന്ന പ്രചാരണം പരോക്ഷമായി പരാമര്‍ശിക്കുകയായിരുന്നു മുഖ്യമന്ത്രി.
‘നാടിന് ആവശ്യമുള്ള പദ്ധതികള്‍ ഏതെങ്കിലും കൂട്ടര്‍ എതിര്‍ത്താല്‍ സര്‍ക്കാര്‍ അത് നടപ്പിലാക്കാതിരിക്കില്ല. വരും തലമുറയുടെ ഭാവിക്കുവേണ്ടി പദ്ധതികള്‍ സര്‍ക്കാര്‍ പൂര്‍ത്തിയാക്കും. ചില പദ്ധതികളുടെ പേരില്‍ സര്‍ക്കാരിനെ വല്ലാതെ ആക്രമിക്കുന്നുണ്ട്. എന്താണ് അവരുടെ ഉദ്ദേശമെന്നറിയില്ല’ അദ്ദേഹം വ്യക്തമാക്കി.
മന്ത്രി വി. അബ്ദുറഹ്മാന് എതിരെയുള്ള ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസിന്റെ തീവ്രവാദി പരാമര്‍ശത്തെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ;മന്ത്രിക്കെതിരായ വര്‍ഗീയ പരാമര്‍ശം ആരോഗ്യകരമല്ല. മുസ്ലിം പേരായതുകൊണ്ട് രാജ്യദ്രോഹി എന്ന് പറയാന്‍ എങ്ങനെ കഴിയുന്നു. എന്താണ് അതിന്റെ അര്‍ത്ഥം. എന്താണ് ഇത് ഇളക്കിവിടാന്‍ പോകുന്നത്. നാടിന്റെ സമാധാനം തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നാടിന്റെ മുന്നോട്ട് പോക്കിനെതിരെയുള്ള സമരമാണ് ഇപ്പോല്‍ നടക്കുന്നത്. പൊലീസ് ഉദ്യോഗസ്ഥന്റെ കാല് തല്ലിയൊടിക്കുന്ന സംഭവം വരെയുണ്ടായി’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments