Latest NewsKeralaNews

സംസ്ഥാന ഇ-ഗവേണൻസ് അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: 2019-20, 2020-21 വർഷങ്ങളിൽ ഇ-ഗവേണൻസ് വഴി ഭരണരംഗത്ത് മികവ് തെളിയിച്ച സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ഡിസംബർ 3ന് തിരുവനന്തപുരം വഴുതക്കാട് ടാഗോർ തിയേറ്ററിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും.

Read Also: ‘നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ കേരള സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ മോദി സര്‍ക്കാറിന് അഞ്ച് മിനിറ്റ് സമയം വേണ്ട’

10 ഇ-ഗവേണൻസ് വിഭാഗങ്ങൾക്കാണ് പുരസ്‌കാരം. കോവിഡ് മഹാമാരിയുടെ തീവ്രത കുറയ്ക്കുന്നതിന് നടത്തിയ ഐ.ടി. ഇടപെടലുകൾ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായി. ഇ സിറ്റിസൺ സർവീസ് ഡെലിവറി വിഭാഗത്തിനുള്ള ഒന്നാം സ്ഥാനം തിരുവനന്തപുരം നഗരസഭയും കേരള ഹൈക്കോടതിയും പങ്കിട്ടു. തിരുവനന്തപുരം നഗരസഭയുടെ, ഐ.ടി. സഹായത്തോടെ നടപ്പിലാക്കിയ, ജലവിതരണ ടാങ്കർ നിയന്ത്രണ സംവിധാനമാണ് ഒന്നാം സ്ഥാനത്തിനർഹമായത്. കേരള ഹൈക്കോടതിയുടെ ഓൺലൈൻ സർട്ടിഫൈഡ് കോപ്പി സംവിധാനവും ഈ വിഭാഗത്തിൽ അവരെ ഒന്നാം സ്ഥാനത്തിനർഹമാക്കി.

ഇ-സിറ്റിസൺസ് സർവീസ് ഡെലിവറി വിഭാഗത്തിലെ സ്ഥാനം കണ്ണൂർ സർവകലാശാലയും സംസ്ഥാന മത്സ്യവകുപ്പും പങ്കിട്ടു. സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പും ക്ഷീരവികസന വകുപ്പും മൂന്നാം സ്ഥാനത്തിനർഹരായി. മൊബൈൽ ഗവേണൻസ് വിഭാഗത്തിലെ ഒന്നാം സ്ഥാനം കുടുംബശ്രീയും സംസ്ഥാന പോലീസും പങ്കിട്ടു. കുടുംബശ്രീയുടെ ‘ഗ്രാൻഡ് കെയർ’ പ്രോജക്റ്റും സംസ്ഥാന പോലീസിന്റെ ‘പോൽ’ ആപ്പുമാണ് ഒന്നാം സമ്മാനാർഹമായത്.

സൈബർ ഗവേണൻസ് രണ്ടാം സ്ഥാനം കോഴിക്കോട് ജില്ലാ ഭരണകൂടവും മൂന്നാം സ്ഥാനം സംസ്ഥാന സു-മ്യൂസിയം വകുപ്പും നേടി. ഇ-ലേണിംഗ് വിഭാഗത്തിലെ ഒന്നാം സ്ഥാനം ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളജും കാലിക്കറ്റ് സർവകലാശാലയുടെ ഇ.എം.എം.ആർ.സിയും പങ്കിട്ടു. സെന്റ് കോളേജ് ഇരിഞ്ഞാലക്കുടയും സംസ്ഥാന മലയാളം മിഷനും രണ്ടാം സ്ഥാനം കരസ്ഥമാക്കി. കാലടി ശ്രീ ശങ്കരാചാര്യ സർവകലാശാലയും തൃശൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജും ഈ ഭാഗത്തിലെ മൂന്നാം സ്ഥാനം പങ്കിട്ടു.

കേരള സ്റ്റാർട്ട് അപ്പ് മിഷന്റെ വെബ്‌സൈറ്റാണ് ഏറ്റവും നല്ല വെബ്‌സൈറ്റായി തെരഞ്ഞെടുത്തത്. കേരള പബ്ലിക് സർവീസ് കമ്മീഷന്റെയും സംസ്ഥാന പോലീസിന്റെയും വെബ് സൈറ്റുകൾ രണ്ടാം സ്ഥാനം പങ്കിട്ടു. കുടുംബശ്രീയുടെ വെബ്‌സൈറ്റാണ് മൂന്നാം സ്ഥാനത്തിനർഹമായത്. സി സരിത നേതൃത്വം കൊടുക്കുന്ന കോഴിക്കോട് പുഷ്പാ ജംഗ്ഷൻ അക്ഷയ സെന്ററാണ് സംസ്ഥാനത്തിലെ ഏറ്റവും നല്ല അക്ഷയ സെന്റർ ആയി തെരഞ്ഞെടുത്തത്. ശ്രേയ ശ്രീകുമാർ നേതൃത്വം നൽകുന്ന കോട്ടയം കുരിശുമുട്ടം അക്ഷയ സെന്റർ രണ്ടാം സ്ഥാനവും സിനി ജോർജ് നേതൃത്വം നൽകുന്ന എറണാകുളം ആലിൻ ചുവട് അക്ഷയ കേന്ദ്രം മൂന്നാം സ്ഥാനവും നേടി.

പുതുതായി ഏർപ്പെടുത്തിയ സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്‌കാരം മൂന്ന് സ്ഥാപനങ്ങൾക്ക് ലഭിച്ചു. ഫാർമേഴ്സ് ഫ്രഷസോൺ പ്രൈവറ്റ് ലിമിറ്റഡിന് ഒന്നാം സ്ഥാനവും ബി.പി.എം പവർ പ്രൈവറ്റ് ലിമിറ്റഡിന് രണ്ടാം സ്ഥാനവും ടെസ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് മൂന്നാം സ്ഥാനവും നേടി.

കോഴിക്കോട് ജില്ലാ ഭരണകൂടമാണ് ഏറ്റവും നല്ല ഈ ഗവേൺസ് ജില്ലയ്ക്കുള്ള പുരസ്‌കാരം നേടിയത്. വയനാട് ജില്ലാ രണ്ടാം സ്ഥാനം നേടി. സാമൂഹിക മാധ്യമം ഭരണനിർവഹണത്തിനു ഏറ്റവും നന്നായി ഉപയോഗപ്പെടുത്തി സംസ്ഥാന വനിതാ ശിശു വികസന വകുപ്പ് ഒന്നാം സ്ഥാനം നേടി. കേരള പോലീസ് രണ്ടാം സ്ഥാനവും മലബാർ കാൻസർ സെന്റർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഇ ആരോഗ്യം ഇ മെഡിസിൻ വിഭാഗത്തിലെ ഒന്നാം സ്ഥാനം കോഴിക്കോട് ജില്ലാ ഭരണകൂടവും രണ്ടാം സ്ഥാനം സംസ്ഥാന ഹോമിയോപ്പതി വകുപ്പും നേടി. കോഴിക്കോട് ജില്ലാ ഭരണകൂടമാണ് പുതുതായി ഏർപ്പെടുത്തിയ കോവിഡ് പാൻഡമിക് മാനേജ്‌മെന്റ് ഇന്നോവേഷൻസ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്തിന് അർഹരായത്. മലബാർ കാൻസർ സെന്ററും രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും ഈ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടി. ഈ വിഭാഗത്തിലെ മൂന്നാം സ്ഥാനം കൊച്ചി മെട്രോക്കും സംസ്ഥാന ഇലക്ട്രിസിറ്റി ബോർഡിനും ലഭിച്ചു.

മുൻ കേന്ദ്ര ടെലികോം സെക്രട്ടറി അരുണാ സുന്ദർരാജൻ ചെയർപേഴ്സൺ ആയുള്ള ജൂറിയാണ് പുരസ്‌കാരജേതാക്കളെ തെരഞ്ഞെടുത്തത്. സെബാസ്റ്റ്യൻ പോൾ, ഐ.ടി. സെക്രട്ടറി, ഐ.ടി. മിഷൻ ഡയറക്ടർ, ഡിജിറ്റൽ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ ഷെർളി, കേരള സർവകലാശാല പ്രൊഫസർ ഡോക്ടർ മീനപിള്ള, നാസ്‌കോം പ്രതിനിധി സുജിത്ത് ഉണ്ണി, ഐ എം ജി. പ്രൊഫസർ ഡോ എസ് സജീവ് എന്നിവർ ജൂറി അംഗങ്ങൾ ആയിരുന്നു. 2018ലെ അവാർഡുകളും ഇതോടൊപ്പം വിതരണം ചെയ്യും.

Read Also: സത്യേന്ദര്‍ ജെയിന് ജയിലില്‍ ആഡംബര ജീവിതം, തെളിവും റിപ്പോര്‍ട്ടും പുറത്തുവിട്ട് പ്രത്യേക അന്വേഷണ സമിതി

shortlink

Related Articles

Post Your Comments

Related Articles


Back to top button