തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി അട്ടിമറിക്കാനുള്ള സമര നീക്കത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടായി എന്ന വാർത്ത അത്യന്തം ഗൗരവപൂർണ്ണമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന്റെ വികസനത്തിന് ഏറെ സഹായകമാകുന്ന ഈ പദ്ധതി പ്രാവർത്തികമാകുന്നത് സംസ്ഥാനത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി തുറമുഖം കേരള വികസനത്തിന് നൽകിയ സംഭാവനകൾ ഏറെ വലുതാണ്. കൂടുതൽ തൊഴിൽ നൽകുന്നതിനും, മത്സ്യ വ്യാപാരത്തിനും, കയറ്റുമതിക്കുമുൾപ്പെടെ വിഴിഞ്ഞം തുറമുഖ പദ്ധതിയും സംസ്ഥാനത്തിന് ഏറെ സഹായകമാണ്. പ്രകൃതിദത്തമായ സാധ്യതകളെ ഉപയോഗപ്പെടുത്തി നിർമ്മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനം ഏറെ മുന്നോട്ടുപോയ ശേഷം അത് നിർത്തലാക്കണമെന്ന മുദ്രാവാക്യമുയരുന്നത് സംശയാസ്പദമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലോകത്തിന്റെ ചരക്ക് ഗതാഗതത്തിൽ തന്നെ നിർണ്ണായക പങ്ക് വഹിക്കാൻ കഴിയുന്ന ഈ പദ്ധതിയെ അട്ടിമറിക്കാൻ പലവിധത്തിലുള്ള ശ്രമങ്ങളുമുണ്ടായിരുന്നു. അതിന്റെ തുടർച്ചയായി ഇപ്പോഴും ഇത്തരം ശ്രമങ്ങൾ നടക്കുന്നു എന്നത് ഗൗരവതരമാണ്. ഇതിന്റെ പിന്നിലുള്ള എല്ലാ ഇടപെടലുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടന പത്രികയിൽ വിഴിഞ്ഞം തുറമുഖം പ്രാവർത്തികമാക്കുമെന്ന കാര്യം ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നു. അതിനാൽ തന്നെ വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കാൻ എൽഡിഎഫ് പ്രതിജ്ഞാബദ്ധമാണെന്നും ഇ പി ജയരാജൻ കൂട്ടിച്ചേർത്തു.
Read Also: പോപ്പുലര്‍ ഫ്രണ്ട് നിരോധനം ശരിവച്ച് ഹൈക്കോടതി: കേന്ദ്ര സര്‍ക്കാര്‍ നടപടി ഏകപക്ഷീയമെന്ന ഹര്‍ജി തള്ളി
Post Your Comments