KeralaLatest NewsNews

സംസ്ഥാനത്ത് നാലു വർഷ ബിരുദ കോഴ്‌സുകൾക്ക് അടുത്ത വർഷം തുടക്കമാകും: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അധ്യയന വർഷം മുതൽ നാലുവർഷ ബിരുദ സംവിധാനത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള നടപടികൾ ഗവൺമെന്റ് സ്വീകരിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര പരിഷ്‌കരണത്തിനു മുന്നോടിയായ കരിക്കുലം പരിഷ്‌കരണത്തിന് തുടക്കമായതായും മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

Read Also: ‘ആഭ്യന്തര വകുപ്പിന് നാഥനില്ലത്ത സ്ഥിതി: വിഴിഞ്ഞം സംഘര്‍ഷ സമയത്ത് സംസ്ഥാന സര്‍ക്കാര്‍ മാളത്തില്‍ ഒളിച്ചു’

കേരള സ്റ്റേറ്റ് ഹയർ എജുക്കേഷൻ കരിക്കുലം ഫ്രെയിം വർക്ക് തയ്യാറാക്കാൻ രണ്ടു ദിവസത്തെ സംസ്ഥാനതല ശില്പശാല നാളെ തിരുവനന്തപുരത്ത് ആരംഭിക്കും. ശ്രീകാര്യം ലൊയോള എക്സ്റ്റെൻഷൻ സെന്ററിൽ നടക്കുന്ന ശില്പശാല രാവിലെ 10.30 ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഉദ്ഘാടനം ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാൻ ഡോ. രാജൻ ഗുരുക്കൾ അധ്യക്ഷനായിരിക്കും. ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌കരണത്തിന് സംസ്ഥാന സർക്കാർ നിയോഗിച്ച കമ്മീഷൻ നിലവിലെ കരിക്കുലം സമഗ്രമായി പരിഷ്‌കരിക്കണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതേത്തുടർന്ന് മാതൃകാ കരിക്കുലം രൂപീകരിക്കാൻ മുഖ്യമന്ത്രിയും നിർദ്ദേശിച്ചു. ഇവയുടെ അടിസ്ഥാനത്തിലാണ് കരിക്കുലം പരിഷ്‌കരണത്തിനുള്ള രൂപരേഖ തയ്യാറാക്കാൻ നടപടി ആരംഭിക്കുന്നത്.

നമുക്ക് മുന്നിലുള്ള സാധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്ത് കേരളത്തെ ഒരു ജ്ഞാനസമൂഹമാക്കി മാറ്റുക എന്നതാണ് ലക്ഷ്യം. ആദ്യ ഘട്ടമായി അന്താരാഷ്ട്ര നിലവാരത്തിലുള്ള കരിക്കുലവും സിലബസും ഉറപ്പു വരുത്താനാണ് ഉന്നതവിദ്യാഭ്യാസ വിചക്ഷണരെയും അധ്യാപകരെയും അടക്കം പങ്കെടുപ്പിച്ച് സംസ്ഥാനതല ശില്പശാല ചേരുന്നത്. സംസ്ഥാനതലത്തിൽ രൂപപ്പെടുത്തുന്ന മാതൃകാ കരിക്കുലം സർവ്വകലാശാലാ തലം മുതൽ കോളേജ് തലത്തിൽ വരെ ചർച്ച ചെയ്യും. അവിടെയുയരുന്ന ഭേദഗതികൾകൂടി വിലയിരുത്തി സമഗ്രമാക്കി സർവ്വകലാശാലകൾക്ക് പരിഷ്‌കരിച്ച കരിക്കുലം നടപ്പാക്കാമെന്നതാണ് കാഴ്ചപ്പാട്.

സർവ്വകലാശാലകൾക്കും ഉന്നതവിദ്യാഭ്യാസ കൗൺസിലിനും പുറമെ, അസാപ്, കെ-ഡിസ്‌ക് പോലുള്ള സംവിധാനങ്ങളെയും വിദ്യാർത്ഥികളും അദ്ധ്യാപകരും ഗവേഷകരുമടങ്ങുന്ന അക്കാദമിക്ക് സമൂഹത്തെയും കോർത്തിണക്കിയുള്ള സംവിധാനമാണ് കരിക്കുലം പരിഷ്‌കരണ പ്രവർത്തനത്തിന് നേതൃത്വം നൽകുക. കേരള ശാസ്ത്രസാങ്കേതിക കൗൺസിൽ മുൻ വൈസ് പ്രസിഡന്റും പ്രശസ്ത ശാസ്ത്രജ്ഞനുമായ പ്രൊഫ. സുരേഷ് ദാസ് ചെയർമാനായ കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി ഈ പ്രവർത്തനങ്ങൾ നയിക്കും. ദേശീയ-അന്തർ ദേശീയ തലങ്ങളിൽ പ്രവർത്തിക്കുന്ന, അതാത് മേഖലകളിൽ അവഗാഹമുള്ള അക്കാദമിഷ്യന്മാരും വിദ്യാഭ്യാസപ്രവർത്തകരും അന്താരാഷ്ട്ര പരിചയമുള്ള യുവ അധ്യാപകരും ഗവേഷകരും വ്യവസായ പ്രതിനിധികളുമെല്ലാം ഉൾപ്പെടുന്നതാവും കരിക്കുലം മോണിറ്ററിംഗ് കമ്മിറ്റി. കമ്മിറ്റിയ്ക്കു കീഴിൽ ഓരോ മേഖലയിലും ഫോക്കസ് ഗ്രൂപ്പുകളും രൂപീകരിക്കും. കമ്മീഷൻ റിപ്പോർട്ടുകളിലും കരിക്കുലം ചർച്ചകളിലും ഇതേവരെ ഉയർന്നുവന്ന പൊതു നിർദ്ദേശങ്ങൾ ശില്പശാല വിശദമായ ചർച്ചകൾക്ക് വിധേയമാക്കും. അവ മാർഗ്ഗനിർദ്ദേശങ്ങളായി എടുത്താവും ശില്പശാല മാതൃകാ കരിക്കുലം രൂപപ്പെടുത്തുക.

വിദ്യാർത്ഥികൾക്ക് സ്വന്തം അഭിരുചികൾക്കനുസരിച്ചുള്ള വിഷയങ്ങൾ പഠനത്തിനു തിരഞ്ഞെടുക്കാനും അവരുടെതായ വേഗതയിൽ കോഴ്സുകൾ പൂർത്തീകരിക്കാനും പരിപൂർണ്ണ സ്വാതന്ത്ര്യം ഉറപ്പുവരുത്തക,കരിക്കുലം പരിഷ്‌കരണങ്ങൾ നടപ്പിലാകുമ്പോൾ അദ്ധ്യാപകരുടെ നിലവിലുള്ള വർക്ക്-ലോഡുമായി ബന്ധപ്പെട്ടു ഉയരാവുന്ന ആശങ്കകൾ, കോഴ്സുകളുടെ രൂപ കൽപ്പന എന്നിവയും ശിൽപ്പശാല ചർച്ച ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Read Also: ഇന്ത്യയിലേയ്ക്ക് മയക്കുമരുന്ന് ഒഴുകുന്നു, യുവാക്കളെ ലക്ഷ്യമിട്ട് എത്തുന്നത് അതിമാരക മയക്കുമരുന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button