വിഴിഞ്ഞം: വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവില്പനശാലകൾ നവംബർ 28 മുതൽ ഡിസംബർ 4 വരെ തുറക്കില്ല. ജില്ലാ കളക്ടർ ജെറോമിക് ജോർജ് ആണ് ഇക്കാര്യം അറിയിച്ചത്. വിഴിഞ്ഞം തുറമുഖ വിരുദ്ധ പ്രതിഷേധം സംഘർഷാവസ്ഥയിലേക്ക് നീങ്ങിയതോടെയാണ് തീരുമാനമെന്നും കളക്ടർ അറിയിച്ചു.
വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരത്തിൽ അർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കി കേസെടുത്തതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം തുടരുകയാണ്. പൊലീസ് സ്റ്റേഷൻ വളഞ്ഞ പ്രതിഷേധക്കാർ പൊലീസ് ബസിനു കല്ലെറിഞ്ഞു. അഞ്ച് പൊലീസ് വാഹനങ്ങൾ പ്രതിഷേധക്കാർ തകർത്തു.
വിഴിഞ്ഞം, കരമന സ്റ്റേഷനുകളിലെ പൊലീസ് ജീപ്പുകളാണ് പ്രതിഷേധക്കാർ തകർത്തത്.
ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് ഇന്നലെ നടന്ന സംഘർഷത്തിൽ പങ്കാളിയായ സെൽട്ടൻ എന്ന വിഴിഞ്ഞം സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ റിലീസ് ചെയ്യണമെന്ന ആവശ്യവുമായി എത്തിയ അഞ്ച് പേരോടും പൊലീസ് കേസുണ്ടെന്ന് അറിയിച്ചു. ഇതേ തുടർന്ന് കൂടുതൽ പേരെത്തി അക്രമ സംഭവങ്ങളിലേക്ക് കടക്കുകയായിരുന്നു.
Post Your Comments