തിരുവനന്തപുരം: പിന്നാക്ക വിദ്യാർത്ഥി സ്‌കോളർഷിപ്പ് കേരളം പുന:സ്ഥാപിക്കും. പിന്നാക്ക വിഭാഗങ്ങളിലെ എട്ടാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ് കേന്ദ്രം വെട്ടിയ സാഹചര്യത്തിലാണ് സംസ്ഥാനം സ്വന്തംനിലയിൽ നൽകുന്നത്. ഇക്കാര്യം പരിശോധിക്കാൻ വകുപ്പുകളോട് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. 80 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്ന പിന്നാക്കവിഭാഗങ്ങളിലെ കുട്ടികൾക്ക് വർഷം 1500 രൂപ നൽകുന്ന പ്രീ മെട്രിക് സ്‌കോളർഷിപ് ഒമ്പത്, പത്ത് ക്ലാസുകളിൽ മാത്രമാക്കിയാണ് കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയത്.
രണ്ടര ലക്ഷത്തിൽ താഴെ വരുമാന പരിധിയുള്ള ഒബിസി, ഇബിസി, ഡിഎൻടി വിദ്യാർത്ഥികൾക്കായിരുന്നു സ്‌കോളർഷിപ്. എല്ലാ കുട്ടികളും പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കേരളത്തിന് ഇത് വലിയ തിരിച്ചടിയാണ്. എട്ടുവരെയുള്ള 1.25 ലക്ഷം കുട്ടികളാണ് കേരളത്തിൽ വർഷംതോറും സ്‌കോളർഷിപ്പിന് അർഹരായിരുന്നത്. ഇത് തുടരാൻ സംസ്ഥാനം വർഷം 18.75 കോടി രൂപ അധികമായി കണ്ടെത്തണം. എട്ടുവരെയുള്ള കുട്ടികളെ പുറന്തള്ളിയശേഷം ഒമ്പത്, പത്ത് ക്ലാസിലെ കുട്ടികൾക്ക് 4000 രൂപ നൽകാനാണ് നീക്കം. ഇതിൽ 40 ശതമാനം തുക സംസ്ഥാനം വഹിക്കണം.
കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയമാണ് പുതിയ നിർദ്ദേശത്തിലൂടെ പിന്നാക്ക വിദ്യാർഥികളുടെ സ്‌കോളർഷിപ്പ് ഇല്ലാതാക്കിയത്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഒബിസി വിഭാഗത്തിനുള്ള സ്‌കോളർഷിപ്പിന്റെ കേന്ദ്രവിഹിതവും ഒഴിവാക്കി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളെ ഇത് കാര്യമായി ബാധിക്കില്ല. ഇവിടങ്ങളിൽ വിദ്യാലയങ്ങളിൽ പോകുന്നവരിൽ പിന്നാക്ക വിഭാഗങ്ങൾ നാമമാത്രമാണ്. കേരളത്തിൽ ജനകീയ വിദ്യാഭ്യാസത്തിന്റെ കരുത്തിൽ പിന്നാക്കക്കാരിലെ ബഹുഭൂരിപക്ഷവും സ്‌കൂൾ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസവും ആർജിക്കുന്നുണ്ട്.
Leave a Comment