Latest NewsFootballNewsSports

ഫിഫ ലോകകപ്പ്: മെസിയുടെ വണ്ടർ ഗോളിൽ അർജന്റീന

ദോഹ: ഫിഫ ലോകകപ്പിൽ അര്‍ജന്റീനയ്ക്ക് തകർപ്പൻ ജയം. മെക്‌സിക്കോയെ എതിരില്ലാത്ത രണ്ട് ഗോളിനാണ് അര്‍ജന്റീന തകർത്തത്. ഗോളും അസിസ്റ്റുമായി തിളങ്ങിയ ക്യാപ്റ്റന്‍ ലയണൽ മെസിയാണ് അര്‍ജന്റീനയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്. എന്‍സോ ഫെര്‍ണാണ്ടസിന്റെ വകയായിരുന്നു രണ്ടാം ഗോള്‍.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് അര്‍ജന്റീന മത്സരത്തിലേക്ക് തിരിച്ചെത്തിയത്. ആദ്യ പകുതിയിൽ പന്ത് കൈവശപ്പെടുത്തിയിട്ടും മെക്‌സിക്കോയ്‌ക്കെതിരെ മികച്ചൊരു മുന്നേറ്റം നടത്താൻ അർജന്റീനയ്ക്ക് കഴിഞ്ഞില്ല. 52-ാം മിനിറ്റില്‍ അപകടകരമായ പൊസിഷനില്‍, ബോക്‌സിന് തൊട്ടുമുന്നില്‍ വച്ച് അര്‍ജന്റീനയ്ക്ക് രണ്ടാം ഫ്രീകിക്ക് ലഭിച്ചു.

കിക്കെടുത്ത മെസിക്ക് പന്ത് ലക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കിക്ക് ക്രോസ് ബാറിന് ഏറെ മുകളിലൂടെ പുറത്തേക്ക്. 64-ാം മിനിറ്റിലായിരുന്നു അര്‍ജന്റൈന്‍ ആരാധകര്‍ കാത്തിരുന്ന ഗോളെത്തിയത്. അതും മെസിയുടെ ഇടങ്കാലില്‍ നിന്നുള്ള തകർപ്പൻ ഷോട്ട്. വലത് വിംഗില്‍ നിന്നും ഡി മരിയ നല്‍കിയ പാസാണ് ഗോളില്‍ കലാശിച്ചത്.

ബോക്‌സിന് പുറത്തുനിന്നുള്ള മെസിയുടെ നിലംപറ്റെയുള്ള ഷോട്ടിന് ഒച്ചോവ ഡൈവിംഗ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. 70-ാം മിനിറ്റില്‍ മൊളീനയുടെ ഷോട്ട് ക്രോസ്ബാറിന് മുകളിലൂടെ പുറത്തേക്ക്. ഗോളിന് പിന്നാലെ ക്രിസ്റ്റ്യന്‍ റൊമേറോയെ ഇറക്കി അര്‍ജന്റൈന്‍ കോച്ച് പ്രതിരോധം ശക്തമാക്കി. ഡി മരിയക്ക് പകരമാണ് റൊമേറോയെത്തിയത്.

Read Also:- ഹൃദയ സംരക്ഷണത്തിന് ഒഴിവാക്കേണ്ട പ്രഭാത ഭക്ഷണം

തുടർന്ന്, അര്‍ജന്റൈന്‍ മധ്യനിരയില്‍ എന്‍സോ ഫെര്‍ണാണ്ടസും എസെക്വിയല്‍ പലാസിയോസും എത്തിയതോടെ കൂടുതല്‍ മികച്ച നീക്കങ്ങളാണ് കണ്ടത്. മുന്നേറ്റത്തില്‍ ജൂലിയന്‍ അല്‍വാരസിന്റെ വേഗമേറിയ നീക്കങ്ങളും അര്‍ജന്റീനയ്ക്ക് ഉണര്‍വ് നല്‍കി. പിന്നാലെ എന്‍സോയുടെ ഗോള്‍. 87-ാം മിനിറ്റിലാണ് മെസിയുടെ അസിസ്റ്റില്‍ എന്‍സോ വല കുലുക്കിയത്. ജയത്തോടെ മെസിയും സംഘവും പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകൾ നിലനിര്‍ത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button