തൊടുപുഴ: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍. വെട്ടിയാങ്കല്‍ സജി എന്ന തോമസിനെ പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
നാരകക്കാനം കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മ ആന്റണിയെ വീടിനുള്ളില്‍ കത്തിക്കരിഞ്ഞു മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. അതിനിടെ കൊലപാതകം മോഷണത്തിനിടെ നടന്ന കുറ്റകൃത്യമെന്നു പൊലീസ് സ്ഥിരീകരിച്ചു. വീട്ടമ്മ ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായി പൊലീസ് പറയുന്നു. വീടിനെയും വീട്ടുകാരെയും കുറിച്ച് വ്യക്തമായ ധാരണയുള്ളവരാണു സംഭവത്തിനു പിന്നിലെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസി പിടിയിലായത്.
മറ്റാരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമാണു കുറ്റവാളി വീട്ടിലെത്തി കൃത്യം നടത്തിയതെന്നാണു കരുതുന്നത്. അന്വേഷണത്തിന്റെ ഭാഗമായി ഒട്ടേറെ പ്രദേശവാസികളെയും അതിഥിത്തൊഴിലാളികളെയും കഴിഞ്ഞ രണ്ടു ദിവസത്തിനുള്ളില്‍ ചോദ്യം ചെയ്തിരുന്നു. മൊബൈല്‍ ലൊക്കേഷനും ഫോണ്‍ വിളികളും കേന്ദ്രീകരിച്ചായിരുന്നു മുഖ്യമായി അന്വേഷണം.
കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. തുടക്കത്തില്‍ ഗ്യാസ് സിലിണ്ടറില്‍ നിന്ന് ദേഹത്തേയ്ക്ക് തീപടര്‍ന്നതാകാം എന്നാണ് കരുതിയിരുന്നത്. ജില്ലാ പൊലീസ് മേധാവി വി യു കുര്യാക്കോസിന്റെ മേല്‍നോട്ടത്തില്‍ കട്ടപ്പന ഡിവൈഎസ്പി നിഷാദ്മോന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments