Latest NewsNewsFootballSports

പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ അര്‍ജന്‍റീന ഇന്നിറങ്ങും: ഫ്രാൻസിന് രണ്ടാം അങ്കം

ദോഹ: ഫിഫ ലോകകപ്പിൽ ആദ്യ ജയം തേടി അര്‍ജന്‍റീന ഇന്നിറങ്ങും. ഇന്ത്യൻ സമയം രാത്രി 12.30ന് ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ശക്തരായ മെക്‌സിക്കോയാണ് എതിരാളികൾ. പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ അര്‍ജന്‍റീനയ്ക്ക് ഇന്ന് ജയം അനിവാര്യമാണ്. അർജന്‍റീനയെ ആദ്യ മത്സരത്തിൽ അട്ടിമറിച്ച സൗദി അറേബ്യയും ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങും.

വൈകിട്ട് 6.30ന് നടക്കുന്ന മത്സരത്തിൽ പോളണ്ടാണ് സൗദിയുടെ എതിരാളികൾ. മൂന്ന് പോയിന്‍റുള്ള സൗദിയാണ് നിലവിൽ ഗ്രൂപ്പിൽ ഒന്നാമത്. പോളണ്ടിനോടും ജയിച്ചാൽ സൗദിക്ക് പ്രീക്വാർട്ടറിലേക്ക് മുന്നേറാം. ആദ്യ മത്സരത്തിൽ മെക്സിക്കോയോട് സമനില വഴങ്ങിയ പോളണ്ടിനും ഗ്രൂപ്പ് ഘട്ടം കടക്കാൻ ജയം അനിവാര്യമാണ്.

ഇന്ന് നടക്കുന്ന മറ്റ് മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസ് പ്രീക്വാർട്ടർ ഉറപ്പിക്കാൻ ഇന്നിറങ്ങും. ഡെൻമാർക്കാണ് എതിരാളികൾ. ഇന്ത്യൻ സമയം രാത്രി 9.30 നാണ് മത്സരം. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ മികച്ച ജയം സ്വന്തമാക്കിയ ആത്മവിശ്വാസത്തിലാണ് ഫ്രാൻസ് ഇറങ്ങുന്നത്. ടുണീഷ്യയോട് സമനില വഴങ്ങിയ ഡെൻമാർക്കിനാകട്ടെ ഗ്രൂപ്പിൽ നിന്ന് മുന്നേറാൻ ജയം അനിവാര്യമാണ്.

Read Also:- ഖത്തർ ലോകകപ്പില്‍ നെതർലന്‍ഡ്‍സിനെ സമനിലയില്‍ തളച്ച് ഇക്വഡോർ

ഇന്ന് 3.30ന് നടക്കുന്ന ആദ്യ മത്സരത്തിൽ ഓസ്ട്രേലിയ, ടുണീഷ്യയെ നേരിടും. ഫ്രാൻസിനോട് തോറ്റ ഓസ്ട്രേലിയക്ക് പ്രതീക്ഷ നിലനിർത്താൻ ടുണീഷ്യക്കെതിരെ ജയിച്ചേ തീരൂ. ഡെൻമാർക്കിനെ സമനിലയിൽ തളച്ച ആത്മവിശ്വാസവുമായാണ് ടുണീഷ്യയും ഇറങ്ങുന്നത്. ഗ്രൂപ്പ് ഡിയില്‍ ഒരു പോയിന്‍റുമായി ടുണീഷ്യ രണ്ടാമതും അക്കൗണ്ട് തുറക്കാത്ത ഓസ്ട്രേലിയ അവസാന സ്ഥാനത്തുമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button